ഇമ്മിണി ബല്യ സുൽത്താന്റെ ഇടം

ഓർമ്മകളിൽ... വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്ത നോവലായ പാത്തുമ്മയുടെ ആടിലെ കഥാപാത്രമായ പാത്തുമ്മയുടെ മകൾ ഖദീജ തലയോലപ്പറമ്പിലെ ബഷീർ ആർട് ഗാലറിയിലെ " പാത്തുമ്മയുടെ ആട് ’ ചിത്രത്തിനരികിൽ
തലയോലപ്പറമ്പ് തലയോലപ്പറന്പിലെ പഴയ ആ തറവാട്ടുവീട്ടിലെ വരാന്തയിലേക്ക് പ്രവേശിച്ചത് പോലെ തോന്നി ഖദീജക്ക്. ബഷീർ സ്മാരകത്തിന്റെ ആർട് ഗാലറിയിൽ വായനക്കാരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഇന്നും ജീവിക്കുന്ന ബഷീറിന്റെ കഥാപാത്രങ്ങൾ കാൻവാസുകളിൽ നിറങ്ങൾ പൂശി പുഞ്ചിരിതൂകുന്നു. എല്ലാവരും ഖദീജയ്‌ക്ക് പരിചിതരായവർ. വാതിൽപ്പടിയിൽ ഖദീജ ഒന്നുനിന്നു, ചുവരുകളിൽ പതിപ്പിച്ചിരിക്കുന്ന ചിത്രങ്ങൾ അവരുടെ കണ്ണുകളിൽ ഗൃഹാതുര സ്‌മരണകളായി തുളുന്പി. വായനക്കാർക്ക് മാത്രം സ്വന്തമായിരുന്ന ആ കഥാപാത്രങ്ങൾ, ഇവിടെ വർണങ്ങളായി ഉയിർത്തെഴുനേൽക്കുന്നു. ബഷീറിന്റെ ‘പാത്തുമ്മയുടെ ആടി’ലെ ജീവിച്ചിരിക്കുന്ന ഏക കഥാപാത്രവും സഹോദരി പാത്തുമ്മയുടെ മകളാണ് ഖദീജ. ‘ ദാ നോക്കൂ അതേ ആട് ’. ഖദീജയുടെ വാക്കുകളിൽ പഴയതറവാട്ടിലെ ഓർമകളുടെ ഇളംചൂടുണ്ടായിരുന്നു. പാത്തുമ്മയുടെ പിന്നാലെ വാലുപോലെ തറവാട്ടിലെത്തുന്ന ഖദീജയെ കുറിച്ച് ബഷീർ നോവലിൽ പറയുന്നുണ്ട്. അക്ഷരങ്ങളിൽ കണ്ടുപരിചയിച്ച കഥാപാത്രങ്ങൾ അവിടെ നിറങ്ങളിൽ നിറഞ്ഞു. സുൽത്താന്റെ കഥാപാത്രങ്ങൾ ഇവിടെ മൗനികളല്ല. അവർ സംസാരിക്കുന്നു, തർക്കിക്കുന്നു, പരിഭവം പറയുന്നു. പാത്തുമ്മയും ആടും മുച്ചീട്ടുകളിക്കാരനും നജീബും സുഹറയും നാരായണിയുമെല്ലാം ഇവിടെ ജീവൻവെക്കുന്നു. പാത്തുമ്മയുടെ ആടിലെ വികൃതിയായ ഖദീജ മന്ദിരത്തിൽ സ്ഥിരം സന്ദർശകയാണ്. മുവാറ്റുപുഴയാറിന്റെ കുളിർകാറ്റ് തലോടിപ്പോകുന്ന തീരത്താണ് വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമകൾ പൂത്തുനിൽക്കുന്ന സാംസ്‌കാരിക കേന്ദ്രം തലയുയർത്തി നിൽക്കുന്നത്. സുൽത്താന്റെ കഥകൾ ഇന്നും ശ്വസിക്കുന്ന ജീവസ്സുറ്റ ഇടമാണ് തലയോലപ്പറമ്പിലെ പാലാംകടവ് പാലത്തിനു സമീപത്തെ വൈക്കം മുഹമ്മദ് ബഷീർ സ്മാരകം. അവിടെ ഒരുക്കിയ ഓരോ കോണും പറയുന്നത് ആ കഥാകാരന്റെ ജീവിതത്തിന്റെ നേർക്കാഴ്ചകളാണ്. മന്ദിരത്തിന്റെ അങ്കണത്തിൽ അദ്ദേഹത്തിനേറെയിഷ്‌ടപ്പെട്ട മാങ്കോസ്റ്റിൻ മാവിൻ ചുവട്ടിൽ കണ്ണടപിടിച്ചിരിക്കുന്ന ബഷീറിന്റെ അർധകായ പ്രതിമ കാണാം. അതിൽ അദ്ദേഹത്തിന്റെ തമാശയും നർമവും കുടികൊള്ളുന്നതായി തോന്നും. മന്ദിരത്തിൽ ആർട് ഗാലറിയും ലൈബ്രറിയുമായാണ് പ്രധാനമായും ഉൾപ്പെടുന്നത











0 comments