രാജ്യത്തെ ആദ്യ സമ്പൂർണ സോളാർ വാട്ടർ ട്രാൻസ്‌പോർട്ട് സ്റ്റേഷനാകാൻ വൈക്കം

വൈക്കം
രാജ്യത്തെ ആദ്യ സോളാർ യാത്രാ ബോട്ട് സർവീസ് ആരംഭിച്ച ജലഗതാഗത വകുപ്പിന്റെ വൈക്കം സ്റ്റേഷന് പുതിയ മൂന്ന് സോളാർ ബോട്ടുകൾ കൂടി അനുവദിച്ചു. ഇതോടെ രാജ്യത്തെ ആദ്യത്തെ സമ്പൂർണ സോളാർ വാട്ടർ ട്രാൻസ്‌പോർട്ട് സ്റ്റേഷനാകാൻ ഒരുങ്ങുകയാണ് വൈക്കം. വൈക്കത്തുനിന്ന് തവണക്കടവിലേക്ക് സർവീസ് നടത്തുന്ന ഡീസൽ ബോട്ടുകൾക്ക് പകരമായാണ് ആധുനിക സൗകര്യങ്ങളോടെ നിർമിച്ച സോളാർ ബോട്ടുകൾ വരുന്നത്. 20ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ സോളാർ ബോട്ടുകൾ ഉദ്ഘാടനം ചെയ്യുമെന്ന് സി കെ ആശ എംഎൽഎ പറഞ്ഞു. പുതിയ സ്റ്റേഷൻ മാസ്റ്റർ ഓഫീസിന്റെ നിർമാണോദ്ഘാടനവും ഇതോടനുബന്ധിച്ചു നടക്കും. പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന സ്റ്റേഷനായിരിക്കും ഇത്. 2017 മുതൽ സർവീസ് നടത്തുന്ന 'ആദിത്യ'യാണ് രാജ്യത്തെ ആദ്യ സോളാർ യാത്രാ ബോട്ട്. ഒരു സോളാർ ബോട്ടിന് 3.15 കോടി രൂപയാണ് നിർമാണച്ചെലവ്. ഇന്ത്യൻ രജിസ്ട്രാർ ഓഫ് ഷിപ്പിങ്(ഐആർഎസ്) ക്ലാസിൽ ഉൾപ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിൽ നിർമിച്ച ബോട്ടുകൾക്ക് 80 കിലോവാട്ട് ബാറ്ററി ശേഷിയുണ്ട്. മണിക്കൂറിൽ ശരാശരി 10.8 കിലോമീറ്റർ വേഗത്തിൽ സർവീസ് നടത്തുന്ന ഇവയ്ക്ക് 15 മിനിറ്റിനുള്ളിൽ വൈക്കത്തുനിന്ന് തവണക്കടവിലെത്താൻ കഴിയും. 75 പേർക്ക് യാത്ര ചെയ്യാം. ബോട്ടുകൾക്ക് മുകളിലുള്ള 20 കിലോവാട്ട് ശേഷിയുള്ള സോളാർ പാനലുകൾക്ക് പുറമേ, സ്റ്റേഷനിൽ ഷോർ ചാർജിങ് സൗകര്യം ഒരുക്കാനും നടപടികളും സ്വീകരിച്ചു വരികയാണെന്ന് ജലഗതാഗത വകുപ്പ് ഡയറക്ടർ ഷാജി വി നായർ അറിയിച്ചു.










0 comments