ചൂടിൽ മാളംവിട്ട് പാന്പുകൾ
ജാഗ്രത വേണം; തെറ്റിദ്ധാരണ വേണ്ട

കോട്ടയം
പാന്പുകളുടൈ പ്രജനനകാലവും കൊടുംചൂടും ഒന്നിച്ചുവന്നതോടെ മാളങ്ങൾവിട്ട് പാന്പുകൾ പുറത്തിറങ്ങുന്നതിനാൽ ജാഗ്രതയും കരുതലും വേണം. എന്നാൽ പാന്പ് വരാതിരിക്കാനുള്ള മുൻകരുതൽ എന്ന നിലയിൽ പലരും ചെയ്യുന്ന പ്രവൃത്തികൾ അബദ്ധമാണെന്ന് വിദഗ്‌ധർ പറയുന്നു. പാന്പുകളെ അകറ്റാനായി വീടിന് സമീപത്ത് വെളുത്തുള്ളി ചതച്ചിടുക, വീടിന് ചുറ്റും കുമ്മായമോ ബ്ലീച്ചിങ് പൗഡറോ വിതറുക, മണ്ണെണ്ണ തളിക്കുക തുടങ്ങിയവകൊണ്ട് പ്രയോജനമില്ല. പാന്പുകൾക്ക് മനുഷ്യരേപ്പോലെ ഗന്ധം തിരിച്ചറിയാനാകില്ല. റേഷൻ കടയിലെ മണ്ണെണ്ണ ബാരലുകൾക്കിടയിൽനിന്നും പെട്രോൾ പന്പുകളിൽനിന്നുമെല്ലാം പാന്പുകളെ പിടികൂടിയിട്ടുണ്ട്. സർപ്പഗന്ധി, കാശിത്തുമ്പ, തുളസി തുടങ്ങിയ ചെടികൾ നട്ടുപിടിപ്പിച്ചാൽ പാമ്പ് വരില്ല എന്നതും ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത മിഥ്യാധാരണയാണ്. തുളസിയിലും മറ്റും ചുറ്റിക്കിടക്കുന്ന പാന്പുകളെ നിരവധി തവണ റെസ്‌ക്യു ചെയ്‌തിട്ടുണ്ട്. പാന്പിനെ അകറ്റാനെന്ന പേരിൽ വൈബ്രേഷൻ സൃഷ്‌ടിക്കുന്ന ചില ഉപകരണങ്ങൾ വിപണിയിലുണ്ട്. പാന്പുകൾക്ക് ചെവിയോ കർണപുടങ്ങളോ ഇല്ലാത്തതിനാൽതന്നെ ഇത്തരം ഉപകരണങ്ങൾ കൊണ്ടും ഫലമില്ലെന്ന് ഫോറസ്‌റ്റ് അസിസ്‌ന്റന്റ് കൺസർവേറ്ററും സർപ്പ നോഡൽ ഓഫീസറുമായ മുഹമ്മദ് അൻവർ പറയുന്നു.










0 comments