കൂരോപ്പട ബാങ്കിനെതിരെ നുണപ്രചാരണം: നിയമനടപടിയുമായി ഭരണസമിതി

പാമ്പാടി കൂരോപ്പട സർവീസ് സഹകരണ ബാങ്കിന്റെ മറ്റപ്പള്ളി ശാഖയിലെ താൽക്കാലിക സ്വീപ്പർ ജോസ്‌ന തോമസും കുടുംബവും ജീവനൊടുക്കിയ സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ബാങ്ക് ഭരണസമിതി. ദാരുണമായ സംഭവത്തിന് പിന്നാലെ ബാങ്കിനെയും ജീവനക്കാരെയും ബന്ധപ്പെടുത്തി ചില കേന്ദ്രങ്ങൾ നടത്തുന്ന നുണപ്രചാരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബാങ്ക് പ്രസിഡന്റ് കെ പി ശ്രീരാമൻ അറിയിച്ചു. മരിച്ച ജോസ്‌നയ്ക്കും ഭർത്താവിനും ബാങ്കിന്റെ മറ്റപ്പള്ളി ശാഖയിൽ ഏതാനും ചിട്ടികൾ മാത്രമാണുണ്ടായിരുന്നത്. ഇതല്ലാതെ ബാങ്കുമായി മറ്റ് സാമ്പത്തിക ഇടപാടുകളോ ബാധ്യതകളോ ഉണ്ടായിരുന്നില്ല. ബാങ്കിന്റെ പ്രതിച്ഛായ തകർക്കാൻ ലക്ഷ്യമിട്ട് ചിലർ നടത്തുന്ന കുപ്രചാരണങ്ങൾക്കെതിരെ പാമ്പാടി പൊലീസ് സ്റ്റേഷനിലും സൈബർ സെല്ലിലും പരാതി നൽകിയിട്ടുണ്ട്. സഹകാരികളുടെയും നാട്ടുകാരുടെയും നിർലോഭമായ പിന്തുണയോടെയാണ് ബാങ്ക് സാമ്പത്തികസ്ഥിരത കൈവരിച്ചത്. സഹകരണ നിയമം അനുശാസിക്കുന്ന നിക്ഷേപ, വായ്പ, കരുതൽ ധന അനുപാതം ബാങ്ക് കർശനമായി പാലിക്കുന്നുണ്ട്. അംഗങ്ങൾക്ക് ഡിവിഡന്റ് നൽകി ലാഭകരമായി പ്രവർത്തിക്കുന്ന ബാങ്കിനെതിരായ വ്യാജപ്രചാരണങ്ങളിൽ ഇടപാടുകാർ വഞ്ചിതരാകരുത്. ജോസ്‌നയുടെയും കുടുംബത്തിന്റെയും ആത്മഹത്യ സംബന്ധിച്ച് യഥാർഥ വസ്തുതകൾ വെളിച്ചത്തുകൊണ്ടുവരണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.










0 comments