കഥയും കവിതയും നിറച്ചൊരു സർഗസ്വപ്‌നം

പ്രസിദ്ധീകരിച്ച പുസ്തകങ്ങളുമായി സർഗ ബിജോയ്
കറുകച്ചാൽ പേനത്തുമ്പിലെ അത്ഭുതങ്ങൾ വരികളായി കോർക്കുമ്പോൾ അത് വെറുമൊരു എഴുത്തല്ല, ഒരു കുഞ്ഞു മനസ്സിന്റെ വലിയ സ്വപ്നങ്ങളുടെ ആവിഷ്കാരമാണ് സർഗ ബിജോയ് എന്ന ഏഴര വയസ്സുകാരിക്ക്. മൂന്ന് പുസ്തകങ്ങളാണ് സ്വന്തം കൈപ്പടയിൽ എഴുതി പ്രസിദ്ധീകരിച്ചത്. നാലര വയസ്സിൽ അക്ഷരങ്ങളെ കൂട്ടുപിടിച്ച് തുടങ്ങിയ യാത്ര. എന്റെ കുഞ്ഞിക്കവിതകൾ പുസ്തകത്തിലൂടെയാണ് ആദ്യം വായനക്കാരിലേക്ക് എത്തിയത്. അതൊരു തുടക്കം മാത്രമായിരുന്നു. തുടർന്ന് എന്റെ ഡയറി യും കഥകളും കവിതകളും ഇടകലർന്ന മൂന്നാമതൊരു പുസ്തകവും സർഗ രചിച്ചു. സ്വന്തം ഭാവനകളെ അക്ഷരങ്ങളിലേക്ക് പകർത്തുമ്പോൾ ആ വരികളിൽ സർഗയുടെ നിഷ്കളങ്ക കാഴ്ചകളുണ്ട്. ഇപ്പോൾ മലയാളത്തിലും ഇംഗ്ലീഷിലുമായി പുതിയ പുസ്തകത്തിന്റെ തിരക്കിലാണ്. എഴുത്തിൽ മാത്രമല്ല, ചെറുപ്രായത്തിൽ തന്നെ ഓർമശക്തി പ്രകടിപ്പിച്ചും ശ്രദ്ധ നേടി. സ്വകാര്യചാനൽ പരിപാടിയിൽ രണ്ടുതവണയായി ഒരു ലക്ഷം രൂപ വീതം സമ്മാനത്തുക നേടി സർഗയുടെ നേട്ടങ്ങൾ ബാല്യത്തിനപ്പുറം വളർന്നു. സർക്കാരിന്റെ ‘ ഉജ്വല ബാല്യം ' പുരസ്‌കാരം സർഗയെ തേടിയെത്തിയത് ആറുമുതൽ 12 വയസ്സുവരെയുള്ള പൊതുവിഭാഗത്തിലാണ്. അബ്ദുൾകലാം പ്രതിഭാ പുരസ്‌കാരം, യുആർഎഫ് റെക്കോഡ് തുടങ്ങിയ അംഗീകാരങ്ങളും നേടി. മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഈ കുഞ്ഞുമിടുക്കിയുടെ അക്ഷരക്കരുത്ത് കണ്ട് അത്ഭുതപ്പെടുകയും സമൂഹമാധ്യമങ്ങളിലൂടെ സന്തോഷം പങ്കിടുകയും ചെയ്തിട്ടുണ്ട്. തെങ്ങണ ഗുഡ്ഷെപ്പേർഡ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ്. കറുകച്ചാൽ തട്ടാരടിയിൽ ബിജോയ് ജോയിയുടെയും എസ് ഗീതയുടെയും മകളാണ്.











0 comments