ശബരിമല തീർഥാടനത്തിന് ഒരുക്കങ്ങൾ
ദേവസ്വം പ്രസിഡന്റിന്റെ നേതൃത്വത്തിൽ എരുമേലിയിൽ യോഗം

എരുമേലി ശബരിമല തീർഥാടനത്തിന്റെ മുന്നോടിയായി നവംബർ 15ന് മുമ്പ് എരുമേലിയിൽ ഒരുക്കങ്ങൾ പൂർത്തിയാക്കാൻ വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനം. ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ വിളിച്ചുചേർത്ത യോഗത്തിൽ അതത് വകുപ്പുകൾ നടത്തിയ ഒരുക്കങ്ങൾ വിശദീകരിച്ചു. സീസൺ സമയത്ത് വിവിധ വകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുവാൻ 24 മണിക്കുറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം റവന്യു വകുപ്പ് തുറക്കും. ഡെപ്യൂട്ടി കലക്ടർക്കാണ് ചുമതല. എരുമേലി വലിയമ്പലത്തിന്റെ എതിർവശത്തായി പൊലീസ് കൺട്രോൾ റൂം നവംബർ 15ന് തുറക്കും. എസ്‌പിയുടെ നേതൃത്വത്തിൽ മൂന്നു ഷിഫ്റ്റുകളായി പ്രവർത്തിക്കും. വ്യാപാര സ്ഥാപനങ്ങളിലെ പുതിയ ജോലിക്കാർക്ക് തിരിച്ചറിയൽ കാർഡും ഹെൽത്ത് കാർഡും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും നിർബന്ധമാക്കും. എരുമേലിയിൽ താൽക്കാലിക ഫയർസ്റ്റേഷൻ തുറക്കും. പമ്പ സർവീസിനായി 30 ബസുകൾ ഡിപ്പോയിലെത്തും. മറ്റുഡിപ്പോകളിൽനിന്നും പമ്പ സർവീസ് എരുമേലി വഴിയാകും. വൈദ്യുതിവിതരണം സുഗമമാക്കുവാൻ എരുമേലി 110 കെവി സബ് സ്റ്റേഷനിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. തകരാർ സംഭവിച്ചാൽ റാന്നി, കാഞ്ഞിരപ്പള്ളി സബ് സ്റ്റേഷനുകളിൽനിന്നും വൈദ്യുതി എത്തിക്കും. പേരുർതോട്ടിലുള്ള വനംവകുപ്പിന്റെ നാലരയേക്കർ വൃത്തിയാക്കി വിശ്രമ സൗകര്യമൊരുക്കണമെന്ന് യോഗത്തിൽ ആവശ്യം ഉയർന്നു. വാട്ടർ അതോറിട്ടി 24 മണിക്കൂറും വെള്ളം ലഭ്യമാക്കും. വലിയമ്പലത്തിനുമുന്നിലെ ഷവറുകൾ സജ്ജമാക്കും. മോട്ടോർ വാഹനവകുപ്പ് 24 മണിക്കൂറും പട്രോളിങ് നടത്തും. തീർഥാടകർക്ക് കുടിവെള്ളവും മെഡിക്കൽ സഹായവും വിശ്രമസൗകര്യവും എരുമേലി മഹല്ല് മുസ്ലീം ജമാഅത്ത് വാവര് പള്ളിവളപ്പിൽ സജ്ജീകരിക്കും. ഇടത്താവളമല്ല ഇനിമുതൽ താവളം കാഞ്ഞിരപ്പള്ളി ശബരിമല തീർഥാടകരുടെ പ്രധാനസംഗമ കേന്ദ്രമായ എരുമേലിയെ ഇടത്താവളമെന്നത് മാറ്റി താവളമെന്നാക്കി മാറ്റിയതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ജയകുമാർ പറഞ്ഞു. എരുമേലിയിൽ ശബരിമല അവലോകനയോഗശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല സീസണുമായി ബൻധപ്പെട്ടുള്ള പ്രവർത്തനങ്ങൾ പൊതുജന സഹകരണത്തോടെയാകും നടപ്പാക്കുക. പുതുതായി നിർമിച്ച അന്നദാനമണ്ഡപം ഈ സീസണിൽ പ്രവർത്തനസജ്ജമാക്കും. പാർക്കിങ്ങിനും ശുചിമുറി ഉപയോഗത്തിനും അമിതതുക വാങ്ങുന്നവരുടെ കരാർ റദ്ദാക്കും. മാലിന്യങ്ങൾ വേഗം നീക്കംചെയ്യുമെന്നും അദേഹം പറഞ്ഞു. ദേവസ്വം ബോർഡ് അംഗങ്ങളായ രാജു, സന്തോഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.









0 comments