print edition പദ്ധതികളുടെ പരാജയം: മോദി മാപ്പ് പറയണം- എസ്‌കെഎം

ന്യൂഡൽഹി: വൻകിട കുത്തകകൾക്ക് നികുതി, വായ്‌പാ ഇളവുകൾ നൽകുന്നതിനും മെയ്‌ക്ക് ഇൻ ഇന്ത്യ, വികസിത ഭാരതം 2047 പദ്ധതികളുടെ പരാജയത്തിനും പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തോട് മാപ്പുപറയണമെന്ന് സംയുക്ത കിസാൻ മോർച്ച (എസ്‌കെഎം) ആവശ്യപ്പെട്ടു.
രാജ്യത്തെ ഉൽപ്പാദക മേഖലയുടെ വിഹിതം ഉയർത്തുകയായിരുന്നു 2014ൽ ആരംഭിച്ച മെയ്‌ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ലക്ഷ്യം. 2013–14 വർഷത്തെ 16 ശതമാനത്തിൽനിന്ന് 2021–22ൽ എത്തുന്പോൾ ജിഡിപി വിഹിതം 25 ആയി ഉയർത്താനാണ് പദ്ധതിയിട്ടത്. എന്നാൽ 2022–23 അടിസ്ഥാന വർഷമായുള്ള പുതിയ ജിഡിപി കണക്കുപ്രകാരം വിഹിതം 13.3 ശതമാനമായി കുറഞ്ഞു. തൊഴിലില്ലായ്‌മ രാജ്യത്തെ ഏറ്റവും വലിയ പ്രശ്‌നമായി.
നിലവിലുള്ള ആഭ്യന്തര കമ്പനികളുടെ അടിസ്ഥാന കോർപറേറ്റ് നികുതി നിരക്ക് 30 ശതമാനത്തിൽനിന്ന് 22 ശതമാനമായും പുതിയ ഉൽപ്പാദന കമ്പനികളുടേത് 15 ശതമാനമായും മോദി സർക്കാർ കുറച്ചു. ഒരു ലക്ഷം കോടിയിലധികം രൂപയുടെ നികുതി വരുമാനമാണ് ഇതിലൂടെ നഷ്ടമായത്. 2024-–25ലെ സാമ്പത്തിക സർവേ പ്രകാരം 2023-–24 സാമ്പത്തിക വർഷത്തിൽ കോർപറേറ്റ് ലാഭം ജിഡിപിയുടെ 4.8 ശതമാനമായി ഉയർന്നു. 15 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. മൊത്തം ജിഡിപി വളർച്ചയുടെ മൂന്നിരട്ടി വേഗത്തിലാണ് കുത്തകകളുടെ ലാഭം വർധിച്ചതെന്നും എസ്‌കെഎം ചൂണ്ടിക്കാട്ടി.









0 comments