print edition പന്നു വധശ്രമ കേസ്: ഡോവലിന് യുഎസ് കോടതി സമന്‍സ്

അജിത് ഡോവല്‍
വാഷിങ്ടൺ: ഖലിസ്ഥാൻ വിഘടനവാദി ഗുർപത്-വന്ത് സിങ് പന്നുവിനെ അമേരിക്കയില്‍വച്ച് വധിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനും റിസർച്ച് ആൻഡ് അനാലിസിസ് വിങ് (റോ) മുൻ ഡയറക്ടർ സാമന്ത് ഗോയലിനും യുഎസ് കോടതി സമൻസ് അയച്ചു. ന്യൂഡൽഹി പട്യാല ഹൗസ് കോടതി, തീസ് ഹസാരി കോടതി, ദ്വാരക ജില്ലാ കോടതി എന്നിവിടങ്ങളിലേക്ക് വെള്ളിയാഴ്ച ന്യൂയോർക്ക് സതേൺ ഡിസ്ട്രിക്ട് കോടതി സമൻസ് അയച്ചത്.
പന്നുവിനെ അമേരിക്കയില്‍വച്ച് വധിക്കാൻ പദ്ധതിയിട്ടെന്ന കേസില്‍ ഇന്ത്യൻ പൗരനായ നിഖിൽ ഗുപ്തയ്‌ക്ക് കഴിഞ്ഞ ദിവസം യുഎസ് കോടതി 19 വര്‍ഷവും ഏഴുമാസവും തടവുശിക്ഷ വിധിച്ചിരുന്നു. 55-കാരനായ ഗുപ്ത കുറ്റം സമ്മതിച്ചിരുന്നു. തന്നെ വധിക്കാൻ ഇന്ത്യയുടെ വിദേശ രഹസ്യാന്വേഷണ ഏജൻസിയുമായി ഡോവൽ ഗൂഢാലോചന നടത്തിയെന്നും നഷ്ടപരിഹാരം വേണമെന്നുമുള്ള പന്നുവിന്റെ സിവിൽ കേസിലാണ് ഡോവലിനെതിരായ നടപടി. ഭീകരവാദ കുറ്റങ്ങളിൽ ഇന്ത്യൻ അന്വേഷണ ഏജൻസികൾ തേടുന്നയാളാണ് നിരോധിത സംഘടനയായ 'സിഖ്സ് ഫോർ ജസ്റ്റിസിന്റെ' നിയമോപദേശകനായ പന്നു. കേസ് കെട്ടിച്ചമച്ചതും ദുരുദ്ദേശ്യപരവുമാണെന്നാണ് ഇന്ത്യന്‍ വിദേശമന്ത്രാലയത്തിന്റെ പ്രതികരണം.
ഇന്ത്യൻ കോടതികൾവഴി ഡോവലിനും ഗോയലിനും സമൻസ് അയക്കാൻ ഹേഗ് കൺവൻഷൻ വ്യവസ്ഥകൾ ഉദ്ധരിച്ച് ന്യൂയോർക്ക് കോടതി ഇൗ മാസം 13-നാണ് ഉത്തരവിട്ടത്. നോട്ടീസ് കൈമാറാൻ ഇന്ത്യൻ കോടതികളുടെ സഹായവും അഭ്യർഥിച്ചിരുന്നു. കഴിഞ്ഞമാസം എംബസി വഴി സമൻസ് കൈമാറാൻ ശ്രമിച്ചെങ്കിലും നിരസിക്കപ്പെട്ടതിനെ തുടർന്നാണ്, ഇന്ത്യന്‍ കോടതികള്‍ വഴി സമന്‍സ് അയച്ചത്.








0 comments