ശബരിമല തീർഥാടനം
സജീവമായി കാനനപാതകൾ

കാനനപാതയിലൂടെ കാൽനടയായി ശബരിമലയിലേക്ക് പോകുന്ന തീർഥാടകർ കോയിക്കൽകാവിൽ എത്തിയപ്പോൾ
എരുമേലി
ശബരിമല തീർഥാടനം ആരംഭിച്ചതോടെ സജീവമായി എരുമേലി കാനനപാതയും. രണ്ട് ദിവസംകൊണ്ട് 987 പേരാണ് കാനനപാതവഴി കടന്നുപോയത്. ആദ്യദിനമായ തിങ്കളാഴ്ച 664 പേരും ചൊവ്വാഴ്ച 323 പേരും. എരുമേലിയിൽനിന്ന് രാവിലെ ആറ് മുതൽ അഞ്ച് വരെയും അഴുതക്കടവിൽനിന്ന് രാവിലെ ഏഴ് മുതൽ പകൽ രണ്ടര വരെയും മുക്കുഴിയിൽനിന്ന് രാവിലെ ഏഴ് മുതൽ പകൽ മൂന്ന് വരെയുമാണ് തീർഥാടകരെ കടത്തിവിടുക. തീർഥാടകരുടെ സുരക്ഷിത യാത്രയ്ക്കായി ശക്തമായ സുരക്ഷയാണ് വനംവകുപ്പിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ വനപാതകളിൽ ഒരുക്കിയിരിക്കുന്നത്. കോയിക്കക്കാവിൽ 11 പേരും കാളകെട്ടിയിൽ അഞ്ച് പേരും ഉൾപ്പെടെ 16 ഉദ്യോഗസ്ഥരെയാണ് വനംവകുപ്പ് നിയോഗിച്ചിരിക്കുന്നത്. അഞ്ച് പൊലീസുകാരുമുണ്ട്. രാവിലെ വനംവകുപ്പിന്റെ പരിശോധനയ്ക്ക് ശേഷമാണ് തീർഥാടകരെ വനപാത വഴി കടത്തിവിടുക. മണ്ഡലകാലത്തിന്റെ തുടക്കമായതിനാൽ വന്യമൃഗങ്ങളുടെ സാന്നിധ്യമുണ്ടാകാൻ സാധ്യതയുള്ളതിനാലാണ് പരിശോധന. പാതകളിൽ പ്ലാസ്റ്റിക് തള്ളാതിരിക്കാനുള്ള പരിശോധനയും ശക്തമാണ്. എല്ലാ കടകളിലും വേസ്‌റ്റ് ബിന്നുകൾ സ്ഥാപിച്ചിട്ടുണ്ട്. സർവം സജ്ജം വനംവകുപ്പ് കൂടാതെ ആരോഗ്യവകുപ്പിന്റെയും അഗ്നിശമന സേനയുടെയും സേവനങ്ങളും വനപാതകളിൽ ലഭ്യമാണ്. കാളകെട്ടിയിൽ ഡോക്ടർ ഉൾപ്പെടെയുള്ള മെഡിക്കൽ ടീമിനെ സജ്ജമാക്കി. കോയിക്കക്കാവിൽ രണ്ട് ഹെൽത്ത് ഇൻസ്‌പെക്ടറുടെ സേവനവും ആംബുലൻസ് സൗകര്യവുമുണ്ട്. മമ്പാടിയിൽ ഓക്‌സിജൻ പാർലറും ഒരുക്കി. കാളകെട്ടിയിൽ അഗ്നിശമനാ സേനാംഗങ്ങളുണ്ട്. തീർഥാടകർക്ക് വിരിവയ്‌ക്കാൻ കാളകെട്ടി അമ്പലത്തിലും ഫോറസ്റ്റ് വകുപ്പിന്റെ ഓഫീസിലും സൗകര്യമുണ്ടാകും. കൂടാതെ സെറ്റിൽമെന്റ് ഏരിയകളിലെ വീടുകളിലും കടകളിലും പ്രത്യേക സൗകര്യവും ക്രമീകരിച്ചു. ഇരുമ്പൂന്നിക്കര ദേവീക്ഷേത്രം, സുബ്രഹ്‌മണ്യ ക്ഷേത്രം, കാളകെട്ടി അമ്പലം എന്നിവിടങ്ങളിൽ അന്നദാനവുമുണ്ട്.










0 comments