മുഖം മിനുക്കാനൊരുങ്ങി എരുമേലി പില്‍ഗ്രിം അമിനിറ്റി സെന്റര്‍

കാഞ്ഞിരപ്പള്ളി
ശബരിമലയുടെ പ്രധാന ഇടത്താവളമായ എരുമേലിയില്‍ തീര്‍ഥാടകര്‍ക്കായുള്ള സൗകര്യങ്ങള്‍ വിപൂലീകരിക്കുന്നു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ഉടമസ്ഥതയില്‍ കൊരട്ടി പാലത്തിന് സമീപത്തുള്ള പില്‍ഗ്രിം അമിനിറ്റി സെന്ററിലാണ് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നത്. എംഎല്‍എ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ മുന്‍കൈയ്യെടുത്ത് ടൂറിസം വകുപ്പിന്റെ അംഗീകാരം നേടിയെടുത്ത പദ്ധതിയിലൂടെ 1.65 കോടി രൂപയുടെ രണ്ടാംഘട്ട നവീകരണ പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നത്. ടോയ്‌ലറ്റുകളുടെയും ഡോര്‍മറ്ററികളുടെയും നവീകരണമാണ് രണ്ടാംഘട്ട പദ്ധതിയില്‍ പൂര്‍ത്തിയാക്കുന്നത്. നവീകരണ പ്രവര്‍ത്തനങ്ങൾ മന്ത്രി പി എ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി ഉദ്‌ഘാടനംചെയ്തു. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ അധ്യക്ഷനായി. എരുമേലി പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സജീവന്‍, വൈസ് പ്രസിഡന്റ് സാറാമ്മ എബ്രഹാം, ബ്ലോക്ക് പഞ്ചായത്തംഗം പി ജി സുര്യകല, പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പി എച്ച് നാസറുദ്ദീന്‍, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ഷെമീന ലത്തീഫ് എന്നിവർ സംസാരിച്ചു. പില്‍ഗ്രിം അമിനിറ്റി സെന്ററില്‍ എട്ട് മുറികളുള്ള മെയിന്‍ ബ്ലോക്ക്, ഡോര്‍മറ്ററികള്‍, കാന്റീന്‍ ബ്ലോക്ക്, മിനി ഹാള്‍, ഓപ്പണ്‍ ബാത്ത്, ടോയ്‌ലറ്റുകള്‍ തുടങ്ങിയ സൗകര്യങ്ങളാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഒരുക്കിയിട്ടുള്ളത്. ശോചനീയാവസ്ഥയിലായിരുന്ന കെട്ടിടങ്ങളുടെയും റോഡിന്റെയും പുനര്‍നിര്‍മാണമടക്കം 99,95,000 രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ 2022ല്‍ പൂര്‍ത്തിയാക്കിയിരുന്നു.










0 comments