സാംസ്‌കാരിക സംഗമത്തിന് തുടക്കം
സമൂഹത്തിൽ വലതുപക്ഷവൽകരണം ശക്തം: സുനിൽ പി ഇളയിടം

സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ബിടിആർ ഭവനിൽ ചേർന്ന സാംസ്‌കാരിക സംഗമം സുനിൽ പി ഇളയിടം ഉദ്ഘാടനംചെയ്യുന്നു
കോട്ടയം കേരളീയ സമൂഹത്തിൽ വലതുപക്ഷവൽകരണം പ്രബലമാകുകയാണെന്ന് സുനിൽ പി ഇളയിടം. കേരളീയ സാംസ്‌കാരിക അന്തരീക്ഷത്തിൽ വൈരുധ്യമുണ്ടാക്കുകയാണ് ഇത്. പശ്ചാത്തല വികസനത്തിൽ വലിയ കുതിച്ചുചാട്ടമുണ്ടാക്കിയെങ്കിലും സാമൂഹ്യ വികാസത്തിൽ അത് വിപരീതദിശയിലാണ്. വലതുപക്ഷ ജീവിതബോധം ശക്തിപ്പെടുന്നു. സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ആരംഭിച്ച സാംസ്‌കാരിക സംഗമം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ സാമൂഹ്യ വികാസത്തിൽ ഒരു കാര്യവും ചെയ്യാത്ത ഹിന്ദുത്വശക്തികൾക്ക് 20 ശതമാനം വോട്ട് ലഭിക്കുന്നു. അവർ സാമൂഹിക മുന്നേറ്റത്തിനായി ഒരു സമരവും ചെയ്‌തിട്ടില്ല. രാജ്യത്തെ പ്രബല വിഭാഗമാണ് സംസ്ഥാനത്തെ ഇടത്തരക്കാർ. ഇവരെ സ്വാധീനിക്കുന്ന വലതുപക്ഷ ഘടകങ്ങൾ ശക്തമായി. പുറത്താക്കിയെന്ന് പറയുന്ന കാര്യങ്ങൾ ഒളിച്ചുവയ്‌ക്കാൻ കഴിയുന്ന ഒന്നായി കുടുംബങ്ങൾ മാറി. മതബോധവും ജാതിബോധവും സ്‌ത്രീവിരുദ്ധതയും ശക്തമായി. ക്ഷേത്ര പ്രവേശനത്തിനുള്ള സമരം സാമൂഹ്യനീതിക്കായുള്ള സമരമാക്കിയവരാണ് നമ്മൾ. ഇന്ന് മതജീവിതം ആചാര ജീവിതമാകുന്നുവെന്നും മൂല്യപരമല്ലെന്നും സുനിൽ പി ഇളയിടം പറഞ്ഞു. ഗായത്രി വർഷ അധ്യക്ഷയായി. പുരോഗമന കലാസാഹിത്യം സംഘം ജില്ലാ പ്രസിഡന്റ് പി ആർ ഹരിലാൽ, സെക്രട്ടറി ആർ പ്രസന്നൻ, ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി ഷീജ അനിൽ, സിഐടിയു ജില്ലാ പ്രസിഡന്റ് റെജി സഖറിയ, സെക്രട്ടറി കെ അനിൽകുമാർ, ബി ശശികുമാർ, സി ടി രാജേഷ് എന്നിവർ സംസാരിച്ചു.








0 comments