ചൂഷണം തുടർന്ന് മില്ലുകാർ
പച്ച പിടിക്കാതെ നെൽകർഷകർ


സ്വന്തം ലേഖകൻ
Published on Apr 23, 2026, 12:22 AM | 1 min read
കോട്ടയം
കിഴിവിനുവേണ്ടിയുള്ള സ്വകാര്യ മില്ലുകാരുടെ ചൂഷണത്തിൽ വലഞ്ഞ് നെൽകർഷകർ. സ്വകാര്യ മില്ലുകാർ ആവശ്യപ്പെടുന്ന കിഴിവ് നൽകി നെല്ല് കൈമാറിയാലും സംഭരിച്ച നെല്ലിന്റെ പണം എപ്പോൾ കിട്ടുമെന്ന ആശങ്കയിലാണ് കർഷകർ. ജില്ലയിൽ ചെറുതും വലുതുമായ 420 പാടങ്ങളിലാണ് ഇത്തവണ പുഞ്ചകൃഷിയിറക്കിയത്. മില്ലുകാരുടെ നിസ്സഹകരണം മൂലമാണ് പലയിടത്തും സംഭരണം വൈകുന്നത്. മില്ലുകാർ ആവശ്യപ്പെടുന്ന കിഴിവ് നൽകിയാൽ വലിയ നഷ്‌ടം സംഭവിക്കുമെന്നതാണ് കർഷകരെ വലയ്‌ക്കുന്നത്. കേന്ദ്രം പ്രഖ്യാപിച്ച 23.20 രൂപയ്‌ക്ക് പുറമേ ആറ് രൂപ 80 പൈസ അധികം നൽകി 30 രൂപയ്‌ക്കാണ് സംസ്ഥാന സർക്കാർ നെല്ല് സംഭരിക്കുന്നത്. തർക്കങ്ങൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ മില്ലുകാർ നെല്ല് സംഭരിച്ചാലും നെല്ലിന്റെ കാശ് എന്ന് കിട്ടുമെന്നതിൽ വ്യക്തതയില്ല. കനറ ബാങ്കും എസ്‌ബിഐയും മുഖേനയാണ് പിആർഎസ് വായ്‌പാ പദ്ധതിയിലൂടെ സംഭരിച്ച നെല്ലിന് പണം നൽകുന്നത്. പലിശയും മുതലും ചേർത്തുള്ള വായ്‌പ തിരിച്ചടയ്‌ക്കുന്നത് സംസ്ഥാന സർക്കാരാണ്. ബാങ്കുകളും സപ്ലൈകോയും തമ്മിലുള്ള കരാർ മാർച്ച് 31ന് അവസാനിച്ചു. മാർച്ച് 18 വരെ പിആർഎസ് (കൈപ്പറ്റ് രസീത്) നൽകിയ കർഷകരുടെ പണം സപ്ലൈകോ നൽകിയിട്ടുണ്ട്. തങ്ങൾക്ക് പണം ലഭിച്ചാലേ കരാർ തുടരാനാകൂ എന്ന നിലപാടിലാണ് ബാങ്കുകൾ. താങ്ങുവില ഇനത്തിൽ കേന്ദ്ര സർക്കാരിൽനിന്ന് 1300 കോടി രൂപ കേരളത്തിന് ലഭിക്കാനുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തെ കണക്ക് പ്രകാരം 300 കോടി രൂപ കേന്ദ്രത്തിൽനിന്ന് ലഭിക്കാനുണ്ട്. പല കാരണങ്ങൾ പറഞ്ഞ് തടഞ്ഞുവച്ചിരിക്കുകയാണ് ഇൗ തുക.









0 comments