ഓണക്കിറ്റ് വിതരണം
നൽകേണ്ടത് 35,000 കിറ്റ് ; എത്തിയത് 15,000ൽ താഴെ

കോട്ടയം
ഓണത്തോടനുബന്ധിച്ച് എഎവൈ വിഭാഗം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും (മഞ്ഞ കാർഡ്) ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കും പ്രഖ്യാപിച്ച സൗജന്യ ഓണക്കിറ്റുകൾ ഇനിയും ഭൂരിഭാഗം റേഷൻ കടകളിലുമെത്തിയില്ല. ജില്ലയിൽ 34,259 കാർഡുകളിലായി 1,11,859 കുടുംബാംഗങ്ങൾക്കാണ് കിറ്റ് നൽകേണ്ടത്. ഇതുവരെ ആകെ എത്തിച്ചത് പതിനയ്യായിരത്തിൽ താഴെ കിറ്റുകൾ മാത്രമാണ്. വെള്ളപ്പൊക്കബാധിത മേഖലകളിലെ റേഷൻ കടകളിലടക്കം കിറ്റ് കിട്ടാനുണ്ട്. പഞ്ചാസാര, വെളിച്ചെണ്ണ, തുവരപ്പരിപ്പ്, ചെറുപയര്‍ പരിപ്പ്, വന്‍പയര്‍, കടല, നെയ്യ്, ശബരി പായസക്കൂട്ട്, ചായപ്പൊടി, പായസം മിക്‌സ്, സാമ്പാര്‍ പൊടി, മുളകുപൊടി, മഞ്ഞള്‍ പൊടി, മല്ലിപ്പൊടി, ഉപ്പു പൊടി എന്നിവ ഉൾപ്പെടെ 16 ഇനം സാധനങ്ങൾ കിറ്റിൽ ഉണ്ടാകുമെന്നാണ് സർക്കാർ അറിയിച്ചത്. എന്നാൽ, കിറ്റിൽ ഉൾക്കൊള്ളിക്കാനുള്ള സാധനങ്ങൾ പലതും എത്തിയില്ലെന്നാണ് വിശദീകരണം. സർക്കാർ പ്രഖ്യാപിച്ച 10 കിലോ സ്‌പെഷ്യൽ അരിയുടെ വിതരണവും ജില്ലയിൽ പാളി. പിങ്ക് കാർഡിന് മൂന്നുകിലോ അരിയും നീല, വെള്ള കാർഡുകാർക്ക് പത്തുകിലോ സ്പെഷൽ അരിയും കിലോയ്ക്ക് 26 രൂപ നിരക്കിൽ വിതരണം ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം.










0 comments