ഏറ്റുമാനൂർ ക്ഷേത്രത്തിൽ റാമ്പ് ഒരുങ്ങി

ഏറ്റുമാനൂർ
ഭിന്നശേഷിക്കാർക്ക് അനായാസം ക്ഷേത്രത്തിൽ പ്രവേശിക്കാനായി ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ റാമ്പ് ഒരുങ്ങി. ഭിന്നശേഷിക്കാർക്ക് ഇനി ഉത്സവം കൺകുളിർക്കെ കാണാം. ക്ഷേത്ര മതിലിനകത്തെ പരിപാടികൾ ആസ്വദിക്കാം. ഏഴരപ്പൊന്നാനയെ നേരിൽ കണ്ട് തൊഴാം. ക്ഷേത്രത്തിന്റെ തെക്ക് വശത്ത് സ്റ്റേജിനോട് ചേർന്ന കവാടത്തിലും കൃഷ്ണ കോവിലിലുമാണ് റാമ്പ് സജ്ജീകരിച്ചത്. മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനംചെയ്തു. ഭിന്നശേഷിക്കാരായ ഗൗരി, പത്മകുമാർ എന്നിവരെ റാമ്പിലൂടെ ക്ഷേത്രത്തിൽ പ്രവേശിച്ചു. ചടങ്ങിൽ അസി. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് അഭിലാഷ്, നഗരസഭാംഗം ഇ എസ് ബിജു, പൊതുമരാമത്ത് അസി. എൻജിനിയർ അമൃത രാജീവ്, ഉപദേശക സമിതി സെക്രട്ടറി മഹേഷ് രാഘവൻ, പ്രസിഡന്റ് പി കെ രാജൻ എന്നിവർ സംസാരിച്ചു. ഏറ്റുമാനൂർ മഹാദേവ ക്ഷേത്ര ഉപദേശക സമിതി മന്ത്രി സമർപ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നൂതന സംവിധാനം ഒരുങ്ങിയത്. ഭിന്നശേഷിക്കാർക്ക് ഏഴരപ്പൊന്നാന ദർശനം കാണാൻ സംവിധാനവും ഒരുക്കുമെന്ന് ഉപദേശക സമിതി അറിയിച്ചു.









0 comments