ad
Deshabhimani

മഴ കുറഞ്ഞു; ദുരിതമൊഴിയാതെ

 വെള്ളക്കെട്ട്

കോട്ടയം- കുമരകം റോഡിൽ ചെങ്ങളത്തിന് സമീപം വീടുകളിൽ വെള്ളം കയറിയപ്പോൾ

വെബ് ഡെസ്ക്

Published on Aug 08, 2026, 01:18 AM | 1 min read

കോട്ടയം

ജില്ലയിൽ ദിവസങ്ങളായി പെയ്‌ത മഴയ്‌ക്ക്‌ വെള്ളിയാഴ്ച പകൽ ശമനമായെങ്കിലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി തുടരുന്നു. കിഴക്കൻ വെള്ളത്തിന്റെ വരവ്‌ വർധിച്ചതോടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ ഉൾപ്പെടെ വെള്ളമൊഴിയുന്നില്ല. വേമ്പനാട്ടുകായലിലേക്ക് വെള്ളം ഒഴുകിയെത്തുന്നത് തടസ്സപ്പെട്ടതിനെ തുടർന്ന് ആറുകളിലും തോടുകളിലും ജലനിരപ്പ് ഉയരുന്നതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. കുമരകത്ത് പകുതിയിലധികം പ്രദേശങ്ങളിലും ദുരിതം തുടരുകയാണ്‌. പലയിടങ്ങളിലും വെള്ളമുള്ളതിനാൽ ഗതാഗതം പുനസ്ഥാപിക്കാൻ സാധിച്ചിട്ടില്ല. തിരുവാർപ്പിലും സ്ഥിതി സമാനമാണ്‌. കോട്ടയം നഗരസഭയുടെ പടിഞ്ഞാറൻ ഭാഗങ്ങളിൽ വെള്ളം നേരിയതോതിൽ മാത്രമാണ്‌ ഇറങ്ങുന്നത്‌. ചിങ്ങവനം, വാലേക്കടവ്‌, എഫ്‌എസിടി കടവ്‌, ആറയിരം പാടശേഖരം എന്നിവിടങ്ങൾ ഇപ്പോഴും വെള്ളത്തിൽ മുങ്ങിനിൽക്കുകയാണ്. വൈക്കം, തലയോലപ്പറമ്പ്‌ ഭാഗങ്ങളിൽ നേരിയതോതിൽ വെള്ളം ഇറങ്ങിതുടങ്ങി. വടയാർ–വൈക്കം റോഡിൽനിന്ന്‌ വെള്ളമിറങ്ങി. പ്രദേശത്തെ ചില വീടുകളിൽനിന്നും വെള്ളമിറങ്ങിയതോടെ ക്യാമ്പുകളിലുള്ളവർ മടങ്ങി തുടങ്ങി. പാലയിൽ വെള്ളപ്പൊക്ക ഭീതി ഒഴിഞ്ഞു. മീനച്ചിലാറ്റിൽ ജലനിരപ്പ് താഴ്ന്നു തുടങ്ങി. കടുത്തുരുത്തിയുടെ താഴ്‌ന്ന പ്രദേശങ്ങളിൽ ഇപ്പോഴും പ്രതിസന്ധി തുടരുകയാണ്‌. പുലിതുരുത്ത്, കൊല്ലങ്കരി, മത്താങ്കരി, തുരുത്ത് എന്നിവിടങ്ങളിലുള്ളവരാണ് കൂടുതൽ ദുരിതത്തിൽ. ചങ്ങനാശേരിയിലും വെള്ളം താഴ്‌ന്നിട്ടില്ല. നിലവിൽ 139 ദുരിതാശ്വാസ ക്യാന്പുകളാണ്‌ ജില്ലയിലുള്ളത്‌. 5,627 കുടുംബങ്ങളിലെ 10,917 പേർ ക്യാന്പുകളിലുണ്ട്‌. വെള്ളിയാഴ്ച ഓറഞ്ച്‌ അലെർട്ടായിരുന്നു. എന്നാൽ പകൽ സമയത്ത്‌ വിവിധ പ്രദേശങ്ങളിൽ നേരിയ മഴയാണ്‌ ലഭിച്ചത്‌. ശനിയാഴ്ച മഞ്ഞ അലർട്ടാണ്‌. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home