തൊഴിൽസുരക്ഷ അകലെ

കോട്ടയം പ്രൊവിഡന്റ് ഫണ്ട് ഉൾപ്പെടെയുള്ള തൊഴിൽ ആനുകൂല്യങ്ങൾ ലഭിക്കാതെ കേരള പേപ്പർ പ്രൊഡക്ട്‌സ് ലിമിറ്റഡിലെ(കെപിപിഎൽ) ജീവനക്കാർ. 2019-ൽ കേന്ദ്രസർക്കാർ അടച്ചുപൂട്ടിയ ഹിന്ദുസ്ഥാൻ ന്യൂസ്‌പ്രിന്റ് ലിമിറ്റഡ് എൽഡിഎഫ് സർക്കാർ ഏറ്റെടുത്താണ് കെപിപിഎൽ ആരംഭിച്ചത്. 741 കോടി രൂപ മുതൽമുടക്കുള്ള ബൃഹത്തായ പദ്ധതിയും ആവിഷ്‌കരിച്ചു. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി നൂറ് ദിനം പിന്നിട്ടിട്ടും ജീവനക്കാരുടെ പ്രശ്‌നങ്ങളിൽ ഇടപെടാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. തൊഴിലാളികളുടെ പേരിൽ ഇതുവരെ പിഎഫ് അക്കൗണ്ട് തുടങ്ങാനായിട്ടില്ല. പഴയ കന്പനിയിൽ ഉണ്ടായിരുന്ന പിഎഫ് അക്കൗണ്ട് തുടരണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. പുതിയ കന്പനിയായതിനാൽ പുതിയ അക്കൗണ്ടേ പറ്റൂ എന്ന നിലപാടിലാണ് മാനേജ്‌മെന്റ്. പിഎഫ് കോഡ് ലഭിക്കാത്തതിനാൽ നിലവിൽ തൊഴിലാളിയുടെയും തൊഴിലുടമയുടെയും വിഹിതം പ്രത്യേക ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുകയാണ്. ഇതുമൂലം പിഎഫ് പലിശ, പിഎഫ് അഡ്വാൻസ്, ഇഎൽഡിഐ (ജോലി ചെയ്യുന്ന തൊഴിലാളി മരിച്ചാൽ കുടുംബത്തിന് ലഭിക്കേണ്ട തുക) തുടങ്ങിയ ആനുകൂല്യങ്ങൾ തൊഴിലാളികൾക്ക് നഷ്‌ടമാകുകയാണ്. നിലവിൽ കമ്പനിയിലെ സ്ഥിരം തൊഴിലാളികൾക്കും കരാർ തൊഴിലാളികൾക്കും തമ്മിൽ കാര്യമായ വേതന വ്യത്യാസമില്ല. സ്ഥിരം തൊഴിലാളികളുടെ പരിചയം, ജോലിഭാരം എന്നിവ പരിഗണിക്കാതെ കുറഞ്ഞ വേതനമാണ് നൽകുന്നതെന്ന് തൊഴിലാളികൾ പറയുന്നു. നിയമാനുസൃതമായ ഓവർടൈം വേതനവും നൽകുന്നില്ല. 90 ദിവസത്തിൽ ഒരിക്കൽ മാത്രമാണ് ഇത് വിതരണം ചെയ്യുന്നത്. ഓവർടൈം വേതനം ഡബിൾ റേറ്റിൽ കണക്കാക്കി ശമ്പളത്തോടൊപ്പം നൽകണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ഷിഫ്റ്റ് അലവൻസും അനുവദിക്കുന്നില്ല. പ്രൊഡക്ഷൻ വർധിക്കുന്നതിന് ആനുപാതികമായി ഇൻസെന്റീവ് നൽകുമെന്ന് കരാറിൽ പറയുന്നുണ്ടെങ്കിലും നടപ്പാക്കിയിട്ടില്ല. മികച്ച പ്രൊഡക്ഷനുള്ള മാസങ്ങളിലും ഇൻസെന്റീവിനെപ്പറ്റി മാനേജ്മെന്റ് മിണ്ടുന്നില്ല. മികച്ച കാന്റീൻ സംവിധാനവും ഇല്ല. പരിശോധന മാത്രം; നടപടിയില്ല തൊഴിലാളികളുടെ പ്രശ്‌നങ്ങൾ ജില്ലാ ലേബർ ഓഫീസറെയും ഫാക്‌ടറീസ് ആൻഡ് ബോയ്‌ലേഴ്‌സ് വകുപ്പിനെയും യൂണിയൻ അറിയിച്ചിരുന്നു. ഉദ്യോഗസ്ഥർ കന്പനിയിലെത്തി പരിശോധന നടത്തി മടങ്ങിയതല്ലാതെ നടപടിയും എടുത്തില്ല. ഷിഫ്റ്റ് അലവൻസ് സംബന്ധിച്ച് ലേബർ ഓഫീസർ വിളിച്ച യോഗത്തിൽ മാനേജ്മെന്റ് പങ്കെടുത്തില്ല. കരാർമേഖലയിലെ തൊഴിലാളികൾക്കും പിഎഫ് ആയിട്ടില്ല, കുറച്ച് പേർക്ക് മാത്രമാണ് ഇഎസ്ഐ ലഭിക്കുന്നത്. പ്ലാന്റ് ഓടാത്ത ദിവസങ്ങളിൽ ജോലിയും ഇല്ല. ഓണം ബോണസ് പോലും നിലവിലുള്ള കോൺട്രാക്ടർ പൂർണമായും നൽകിയില്ല. അടുത്തിടെ രണ്ട് ജീവനക്കാർ ആത്മഹത്യ ചെയ്‌തതോടെ തൊഴിലാളികൾ കൂടുതൽ ആശങ്കയിലാണ്. വിഷയത്തിൽ അടിയന്തര നടപടി കൈക്കൊള്ളണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധങ്ങളിലേക്ക് യൂണിയൻ കടക്കുമെന്നും കെപിപിഎൽ എംപ്ലോയീസ് യൂണിയൻ (സിഐടിയു) പ്രസിഡന്റ് ടി ആർ രഘുനാഥൻ, ജനറൽ സെക്രട്ടറി കെ എസ് സന്ദീപ് എന്നിവർ പറഞ്ഞു.









0 comments