ചിറകായി, ഇനി പറക്കാം

മണർകാട് പ്രാദേശിക കോഴിവളർത്തൽ കേന്ദ്രത്തിന്റെ ഉൾവശം
മണർകാട്
ഇടവേള കഴിഞ്ഞു, മണർകാട് പ്രദേശിക കോഴിവളർത്തൽ കേന്ദ്രത്തിന് പുതിയ തുടക്കം. പക്ഷിപ്പനിയെ തുടർന്ന് അടച്ച് പുട്ടിയ കേന്ദ്രം ഒരു വർഷത്തിന് ശേഷം അടിമുടി മാറ്റവുമായി വീണ്ടും തുറക്കുമ്പോൾ ലക്ഷ്യം വയ്‌ക്കുന്നത് പഴയ പ്രതാപകാലത്തേക്കുള്ള മടക്കമാണ്. കോഴിയുടെയും കോഴിക്കുഞ്ഞ് വില്പനയിലൂടെയും വർഷം 80 ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെയായിരുന്നു നേരത്തെയുള്ള വരുമാനം. കൃത്യമായ മേൽനോട്ടത്തിലൂടെയും പരിപാലനത്തിലൂടെയും വരുമാനം വർധിപ്പിക്കുന്ന സമയത്തായിരുന്നു അപ്രതീക്ഷിത ഷട്ടറിടൽ. ചെറുകിട കർഷകർക്ക് കുറഞ്ഞ ചെലവിൽ കുഞ്ഞുങ്ങളെ നൽകുന്നതിനപ്പുറം നിരവധി തൊഴിലവസരങ്ങൾ സ്ഥാപനം സൃഷ്‌ടിച്ചിരുന്നു. ചെറിയ തുകയ്ക്ക് കോഴിക്കുഞ്ഞുങ്ങളെ വാങ്ങി വളർത്തിയിരുന്ന കർഷകർക്കുള്ള അടി കൂടിയായിരുന്നു അടച്ചുപൂട്ടൽ. മുട്ട വിരിയിച്ച് എഗ്ഗർ നഴ്സറിക്കാർക്കും പഞ്ചായത്തിലെ കോഴി വിതരണ പദ്ധതിക്കും കൈമാറിയിരുന്നു. 20 എഗ്ഗർ നഴ്സറികളാണ് സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നത്. പ്രതിസന്ധിയിലായതോടെ തത്കാലിക ജീവനക്കാരായ 16 പേർക്ക് ജോലിയും നഷ്ടപ്പെട്ടിരുന്നു. കോഴിക്കുഞ്ഞുങ്ങൾക്ക് എട്ടിന്റെ പൂട്ട് കേന്ദ്രത്തിൽ സുരക്ഷാ സംവിധാനങ്ങളും ശക്തമാക്കിയിട്ടുണ്ട്. മുട്ട, കോഴിക്കുഞ്ഞ് വിതരണത്തിനുള്ള ഔട്‌ലെറ്റ്, സെക്യൂരിറ്റി, ഗാർഡ് റൂം, വിൽ-ഫൂട്ട് ഡിപ് സംവിധാനം എന്നിവയടക്കമുള്ള സംവിധാനങ്ങളോടെയാണ് പ്രവർത്തനം പുനരാരംഭിക്കുന്നത്. പൊതുജനങ്ങൾക്ക് ഔട്‌ലെറ്റുവരെ മാത്രമാണ് ഇനി മുതൽ പ്രവേശനം. പ്രധാന കവാടത്തിലൂടെ പ്രവേശനമുണ്ടാകില്ല. പൊതുജനങ്ങൾക്കും ജീവനക്കാർക്കുമായി ചെറിയ കവാടം ഒരുക്കിയിട്ടുണ്ട്. വാഹനങ്ങൾ പ്രവേശിക്കുമ്പോൾ ചക്രങ്ങൾ അണുവിമുക്തമാക്കാൻ 12 അടി നീളത്തിലും 12 അടി വീതിയിലും കോൺക്രീറ്റ് വീൽഡിപ്പും ആളുകൾക്കായി മുന്നടി നീളത്തിലും ഒന്നര അടി വീതിയിലും ഫുട്ഡിപ്പും സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ അണുനാശിനി കലർത്തിയ വെള്ളമുണ്ടാകും. ചെറുജീവികൾ, പക്ഷികളും വരാതിരിക്കാൻ നൈലോൺ നെറ്റ് കൂടുകളിൽ സ്ഥാപിച്ചിട്ടുണ്ട്.









0 comments