ഹോട്ടലുകളിൽ തോന്നുംപടി വില
കൂട്ടിക്കൂട്ടി ഇതെങ്ങോട്ട്

കോട്ടയം വിപണിയിൽ എന്തിനും പൊള്ളുന്ന വില. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം മൂലം നട്ടം തിരിയുന്നതിനിടെ സാധാരണക്കാർക്ക് ഇരുട്ടടിയായി ഹോട്ടൽ ഭക്ഷണവിലയും. പാചകവാതക വില വർധനവിന്റെ പേരിൽ ജില്ലയിലെ ഹോട്ടലുകളിൽ ഭക്ഷണസാധനങ്ങൾക്ക് തോന്നിയതുപോലെ വില ഈടാക്കുന്നത് തുടരുകയാണ്. നിലവിലുള്ള വിലക്കയറ്റത്തിന് പുറമെ ഹോട്ടൽ ഭക്ഷണങ്ങളുടെ വിലയും കുത്തനെ ഉയർന്നത് സാധാരണക്കാരുടെ ജീവിതം കടുത്ത പ്രതിസന്ധിയിലായി. ഒരു മാനദണ്ഡവും പാലിക്കാതെയാണ് ഹോട്ടൽ വിഭവങ്ങൾക്ക് വില ഇൗടാക്കുന്നത്. ഇതോടെ ഭക്ഷണത്തിനായി ഹോട്ടലുകളെ ആശ്രയിക്കേണ്ടി വരുന്ന സാധാരണക്കാരാണ് വട്ടം ചുറ്റുന്നത്. ഒരേ നിലവാരമുള്ള ഹോട്ടലുകളിൽ പല നിരക്കാണ്. ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, കാന്റീനുകൾ, ബേക്കറികൾ എന്നിവയെല്ലാം വിഭവങ്ങളുടെ വില വർധിപ്പിച്ചു. ചായ, കാപ്പി തുടങ്ങി ഉണും ബിരിയാണിയും വരെയുള്ള എല്ലാ പ്രധാന വിഭവങ്ങളുടെയും വില കുത്തനെ കൂട്ടി. 70 രൂപയായിരുന്ന സാധാരണ ഊണിന് ഇപ്പോൾ 90 മുതൽ 130 രൂപവരെ ചിലയിടങ്ങളിൽ നൽകണം. ബിരിയാണി ഇനത്തിൽ 10 മുതൽ 40 രൂപ വരെയും വർധനയുണ്ട്. പൊറോട്ട 12 രൂപയുണ്ടായിരുന്നത് 15 മുതൽ 23 രൂപ വരെയായി. നോൺ വെജ് കറികൾക്കും ഫ്രൈകൾക്കും 20 മുതൽ 50 രൂപ വരെ കൂട്ടി. നെയ്‌റോസ്റ്റ്, മസാല ദോശ തുടങ്ങിയവയ്ക്ക് 10 മുതൽ 30 രൂപ വരെ കൂടിയിട്ടുണ്ട്. ചായകുടി കടുപ്പംതന്നെ ഒരു ചായ കുടിക്കണമെങ്കിൽ പല കടകളിലും തോന്നുംപടിയാണ് വില. 10 –12 രൂപയായിരുന്ന ചായയുടെ വില വിവിധ ഹോട്ടലുകളിൽ 15 – 20 രൂപവരെയായി. പാചകവാതക പ്രതിസന്ധിയെ തുടര്‍ന്നാണ് അടുത്തിടെ ഹോട്ടലുകൾ വില വര്‍ധിപ്പിച്ചത്. എന്നാൽ, പാലിനും പഞ്ചസാരയ്ക്കും ചായപ്പൊടിക്കുമെല്ലാം വില കൂടിയതും മറ്റൊരു കാരണമായി. സാധാരണക്കാരെ ദുരിതത്തിലാക്കി ചായയുടെ ആവിക്കൊപ്പം വിലയും ഉയരുമ്പോൾ പലഹാരങ്ങളുടെ വിലയും ചുട്ടുപൊള്ളുകയാണ്. ഭൂരിഭാഗം സ്ഥലങ്ങളിലും ചെറുകടിക്ക് 15 രൂപവരെ ഇൗടാക്കുന്നു. കാപ്പിക്ക് 20 മുതൽ 25 രൂപവരെയായി. പാചകവാത സിലിണ്ടർ വിതരണം സാധാരണനിലയിലായിട്ടും നേരത്തെ വർധിപ്പിച്ച തുക കുറയ്‌ക്കാൻ ആരും തയാറായിട്ടില്ല. പല കാരണങ്ങൾ പറഞ്ഞ് യാതൊരു നിയന്ത്രണവുമില്ലാതെ ഭക്ഷണസാധനങ്ങൾക്ക് വില വർധിപ്പിക്കുന്നതിൽ ജില്ലാ അധികൃതരും ഇടപെടുന്നില്ല. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ജനങ്ങളിൽ ഉയരുന്നത്.










0 comments