പ്ലസ്‌വൺ അലോട്ട്‌മെന്റ്
പ്രവേശനം നാളെവരെ

കോട്ടയം
ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ആദ്യ അലോട്ട്മെന്റ് ലഭിച്ചവർക്ക് ബുധൻ വൈകിട്ട് അഞ്ചുവരെ പ്രവേശനം നേടാം. ഒന്നാംഘട്ട അലോട്ട്മെന്റിൽ 10,928 വിദ്യാർഥികളാണ് ജില്ലയിൽ ഇടംപിടിച്ചത്. ഭിന്നശേഷിക്കാർക്കായി അനുവദിച്ച സീറ്റുൾപ്പെടെ 13,671 സീറ്റിലേക്കുള്ള പട്ടികയാണ് പ്രസിദ്ധീകരിച്ചത്. 2, 802 സീറ്റുകളിൽ അലോട്‌മെന്റ് നടന്നില്ല. ജില്ലയിൽ 19,706 അപേക്ഷകരാണുള്ളത്. ഇതിൽ 2, 641 പേർ ഇതര ജില്ലക്കാരാണ്. അലോട്ട്മെന്റ് ലഭിച്ചിട്ടും താൽക്കാലിക പ്രവേശനം നേടാത്തവരെ തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കില്ല. ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനമാണ് നേടേണ്ടത്. മറ്റ് ഓപ്ഷനുകളിൽ അലോട്ട്മെന്റ് ലഭിക്കുന്നവർക്ക് താൽക്കാലികമായോ സ്ഥിരമായോ പ്രവേശനം നേടാം. താൽക്കാലിക പ്രവേശനത്തിന് ഫീസ് അടയ്‌ക്കേണ്ട. താൽക്കാലിക പ്രവേശനം നേടുന്നവർക്ക് ആവശ്യമെങ്കിൽ തെരഞ്ഞെടുത്ത ഏതാനും ഉയർന്ന ഓപ്ഷനുകൾ റദ്ദാക്കാം. ഇതിനുള്ള അപേക്ഷ പ്രവേശനം നേടുന്ന സ്കൂളിൽ നൽകണം. ആദ്യ അലോട്ട്മെന്റിൽ ഇടംനേടാത്തവർ തുടർന്നുള്ള അലോട്ട്‌മെന്റുകൾക്കായി കാത്തിരിക്കുക. ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി ഉൾപ്പെടെ 24, 214 പ്ലസ് വൺ സീറ്റാണുള്ളത്. വെബ്‌സൈറ്റ്: https:// www.hscap.kerala.gov.in










0 comments