ഫണ്ട് വെട്ടി സർക്കാർ; വെട്ടിലായി തദ്ദേശസ്ഥാപനങ്ങൾ

കോട്ടയം ആവശ്യത്തിന് ഫണ്ട് കിട്ടാതെ വലഞ്ഞ് ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾ. സംസ്ഥാന സർക്കാർ ഫണ്ട് വെട്ടിക്കുറച്ചതിനാൽ അത്യാവശ്യ കാര്യങ്ങൾ പോലും പൂർത്തിയാക്കാനാകുന്നില്ല. പാലിയേറ്റീവ് പ്രവർത്തനങ്ങളടക്കം മുടങ്ങി. സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങൾക്ക് നൽകേണ്ട ഫണ്ടിൽ 2,000 കോടി രൂപയാണ് യുഡിഎഫ് സർക്കാർ വന്ന ശേഷം വെട്ടിക്കുറച്ചത്. ഇതോടെ ജീവകാരുണ്യപ്രവർത്തനങ്ങൾക്കുപോലും ഫണ്ട് നീക്കിവെയ്‌ക്കാൻ കഴിയാത്ത സ്ഥിതിയായി. ജനറൽ വിഭാഗത്തിലും പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കുമുള്ള പദ്ധതികൾ തദ്ദേശസ്ഥാപനങ്ങൾ വെട്ടിച്ചുരുക്കി. തനത് ഫണ്ട് കുറഞ്ഞ പഞ്ചായത്തുകൾ സർക്കാർ ഫണ്ടിനെ ആശ്രയിച്ചാണ് പ്രധാന പദ്ധതികൾ നടപ്പാക്കുന്നത്. മലയോരമേഖലയിലെ പഞ്ചായത്തുകളിൽ തനത് ഫണ്ട് കുറവാണ്. ഇവർ ഏറെ പ്രയാസം അനുഭവിക്കുന്നുണ്ട്. ഒരു സാമ്പത്തിക വർഷം മൂന്ന് ഗഡുക്കളായാണ് സർക്കാർ ഫണ്ട് തന്നിരുന്നത്. സാമ്പത്തിക വർഷം നാലു മാസം പിന്നിട്ടിട്ടും ആദ്യ ഗഡു അനുവദിച്ചില്ല. ഇതോടെ മുമ്പ് അംഗീകാരം നേടിയ പദ്ധതികൾ പോലും ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾക്ക് ഉപേക്ഷിക്കേണ്ടിവന്നു. ഇനി പുതുക്കിയ വാർഷിക പദ്ധതി തയ്യാറാക്കിയിട്ടു വേണം ഡിപിസിയുടെ അനുമതി വാങ്ങാൻ. ഇൗമാസം 31നകം അനുമതി വാങ്ങണം. ഫണ്ട് ലഭിക്കാത്തതിനാൽ, വാർഷിക പദ്ധതിയിൽ സമൂല മാറ്റം വരുത്തണം. ഇതിന് സമയം ലഭിക്കുമോ എന്ന ആശങ്കയിലാണ് തദ്ദേശസ്ഥാപനങ്ങൾ. പല ഗ്രാമങ്ങളിലും കുടിവെള്ളപദ്ധതികൾ, റോഡ് അറ്റകുറ്റപ്പണികൾ, പാലിയേറ്റീവ് പ്രവര്‍ത്തനങ്ങൾ, അങ്കണവാടിയിലെ പോഷകാഹാര വിതരണം എന്നിവ നിലച്ച അവസ്ഥയാണ്. എൽഡിഎഫ് ഭരണകാലത്ത് കൃത്യമായി ഫണ്ട് നൽകിയിരുന്നു.










0 comments