ad
Deshabhimani

ഓട്ടോ സ്റ്റാൻഡ് നീക്കാൻ നിർദേശിച്ച് ഹൈക്കോടതി

പ്രത്യേക കൗൺസിൽ ചേരാനിരിക്കേ കോടതി ഉത്തരവുമായി നഗരസഭ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 17, 2026, 12:13 AM | 1 min read

പാലാ

കൊട്ടാരമറ്റത്തെ അനധികൃത ഓട്ടോ സ്റ്റാൻഡ് നീക്കം ചെയ്യാൻ പൊലീസിന് നിർദേശം നൽകി ഹൈക്കോടതി. പാലാ നഗരസഭ സെക്രട്ടറിയുടെ പരാതിയിലാണ് ഹൈക്കോടതി ഉത്തരവ്. ഓട്ടോസ്റ്റാൻഡ് മാറ്റം ഉൾപ്പെടെ അംഗീകരിച്ച് നഗരസഭയിലെ യുഡിഎഫ്‌, സ്വതന്ത്ര കൂട്ടായ്മ ഭരണസഖ്യത്തിലെ തർക്കങ്ങൾ പരിഹരിച്ചെന്ന പ്രഖ്യാപനം കാറ്റിൽ പറത്തിയാണ് ഓട്ടോറിക്ഷ തൊഴിലാളികൾക്ക് ദ്രോഹകരമാകുന്ന നഗരസഭാ നടപടി. നഗരസഭ സെക്രട്ടറിയെ മുന്നിൽ നിർത്തി ചെയർപേഴ്സണും സ്വതന്ത്ര കൂട്ടായ്മയും നടത്തിയ നീക്കമാണ് പുതിയ നിയമ കുരുക്ക്. ബസ് ടെർമിനൽ കോംപ്ലക്സിന്റെ പാർക്കിങ് ഏരിയയിൽ വാർഡ് കൗൺസിലർ കോൺഗ്രസ് പ്രതിനിധി ബിജു മാത്യൂസിന്റെ നിർദേശപ്രകാരമാണ് ഓട്ടോ സ്റ്റാൻഡ് മാറ്റി സ്ഥാപിച്ചത്. സ്റ്റാൻഡിന് മുന്നിലെ തിരക്കേറിയ റോഡിലെ ഓട്ടോ സ്റ്റാൻഡ് ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും ഇടയാക്കിയിരുന്നു. തുടർന്നാണ് ഓട്ടോ സ്റ്റാൻഡ് ബസ് സ്റ്റാൻഡിൽ മറ്റ് അസൗകര്യങ്ങൾ ഇല്ലാത്ത ഭാഗത്തേയ്ക്ക് മാറ്റാൻ നിർദേശിച്ചത്. നഗരസഭ ചെർപേഴ്സണും ഭരണസഖ്യത്തിലെ സ്വതന്ത്ര കൂട്ടായ്മയും ഇതിനെതിരെ രംഗത്ത് വന്നതോടെയാണ് വിവാദമായത്. ഓട്ടോ സ്റ്റാൻഡിന് അനുമതി നൽകാൻ മുനിസിപ്പൽ നിയമത്തിലെ ചട്ടം ഏഴ് പ്രകാരം വിഷയം ചർച്ച ചെയ്യാൻ എൽഡിഎഫ് നോട്ടീസിൽ ബുധനാഴ്ച പ്രത്യേക കൗൺസിൽ ചേരാനിരിക്കെയാണ് കോടതി ഉത്തരവ്. ചട്ടം ഏഴ് പ്രകാരം ചേരുന്ന കൗൺസിൽ എടുക്കുന്ന തീരുമാനത്തിന് നിയമപരമായ സാധുത ഉണ്ടായിരിക്കും. തീരുമാനം നടപ്പാക്കാൻ മുനിസിപ്പൽ സെക്രട്ടറി ബാധ്യസ്ഥനായിരിക്കും. ഓട്ടോ സ്റ്റാൻഡിന് കൗൺസിൽ അംഗീകാരം നൽകുന്നതോടെ സെക്രട്ടറിയുടെ ഔദ്യോഗിക ബാധ്യത പാലിക്കുന്നതിലെ നിയമ തടസം മാറും. ഒപ്പം ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതിന് സാവകാശം തേടിയുള്ള പ്രമേയവും പാസാക്കി കോടതി അലക്ഷ്യ നടപടികളെ അതിജീവിക്കാനുമാകും പ്രത്യേക നഗരസഭ കൗൺസിലിൽ ഉണ്ടാവുകയെന്ന് അറിയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home