പാലാ നഗരസഭാ ഭരണം കൈവിടാനാകാതെ കോൺഗ്രസ്; രാജി ഭീഷണിയുമായി കൗൺസിലർ

പാലാ
കോൺഗ്രസ് കൗൺസിലറെ കൈയേറ്റം ചെയ്തും മോഷണക്കേസിൽ കുടുക്കിയും അധിക്ഷേപിച്ചതിനൊപ്പം യുഡിഎഫിൽ ഭിന്നത സൃഷ്ടിച്ചും പാലാ നഗരസഭാ ഭരണം വരുതിയിലാക്കാൻ ശ്രമിക്കുന്ന മൂന്നംഗ സ്വതന്ത്ര കൂട്ടായ്മയ്ക്ക് വഴങ്ങാൻ കോൺഗ്രസ് ജില്ലാ നേതൃത്വം. കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയ ചെയര്‍പേഴ്‌സണ്‍ ദിയ ബിനു പുളിക്കക്കണ്ടം ഉള്‍പ്പെടുന്ന സ്വതന്ത്ര കൂട്ടായ്മയുമായി യോജിച്ചു പോകണമെന്ന് ഡിസിസി നേതൃത്വം കോൺഗ്രസ് കൗൺസിലർമാരോട് ആവശ്യപ്പെട്ടു. ഇതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കൗണ്‍സിലര്‍ ബിജു മാത്യൂസ് രാജി ഭീഷണി മുഴക്കി. യുഡിഎഫ് ഘടകകക്ഷികളായ കേരള കോൺഗ്രസിന്റെ മൂന്നും കെഡിപിയുടെ ഒരാളും ഉൾപ്പെടെ നാല് കൗൺസിലർമാരെ സ്വതന്ത്ര കൂട്ടായ്മ അടർത്തി തങ്ങൾക്കൊപ്പം ചേർത്തിരുന്നു. ഇതോടെ ചെയർപേഴ്സണെതിരെ അവിശ്വാസ നോട്ടീസ് നൽകാൻ കെൽപില്ലാത്തവരായി കോൺഗ്രസ് മാറി. വിമതയായി വിജയിച്ച വൈസ് ചെയർപേഴ്സൺ മായ രാഹുൽ പാർടിയിൽ തിരികെ എത്തിയെങ്കിലും ഇവർ ഉൾപ്പെടെ ഏഴ് പേരുടെ പിൻബലമേ കോൺഗ്രസിനുള്ളൂ. അവിശ്വാസ നോട്ടിസ് നൽകാൻ ഒൻപത് അംഗങ്ങൾ വേണം. യുഡിഎഫിനെ പിളർത്തി ഒരു വിഭാഗത്തെ സ്വതന്ത്ര മുന്നണി തങ്ങൾക്കൊപ്പം കൂട്ടിയതോടെ കോൺഗ്രസിന്റെ വിലപേശൽ ശക്തി ക്ഷയിച്ചു. ഇതാണ് നഗരഭരണം കൈവിടരുതെന്ന നിലപാടിലേക്ക് പാർടിയെയും യുഡിഎഫിനെയും എത്തിച്ചത്. തങ്ങളുടെ വികാരങ്ങള്‍ മാനിക്കാതെ അടിച്ചേല്‍പിക്കുന്ന ഏതു തീരുമാനവും സ്വീകാര്യമല്ലെന്ന് ബിജു മാത്യൂസ് പറഞ്ഞു. ഭരണം നഷ്ടപ്പെടാതിരിക്കാന്‍ പരമാവധി ശ്രമിക്കുമെന്ന് ഡിസിസി വൈസ് പ്രസിഡന്റ് ബിജു പുന്നത്താനം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.










0 comments