കൊട്ടാരമറ്റം ഓട്ടോസ്‌റ്റാൻഡ്
പാലാ നഗരസഭയിൽ ഏകപക്ഷീയ തീരുമാനവുമായി അധ്യക്ഷ


സ്വന്തം ലേഖകൻ
Published on Jun 18, 2026, 12:22 AM | 1 min read
പാലാ
കൊട്ടാരമറ്റം ഓട്ടോറിക്ഷാ സ്‌റ്റാൻഡ് വിഷയത്തിൽ പ്രതിപക്ഷ നോട്ടീസിൽ വിളിച്ചുചേർത്ത പ്രത്യേക കൗൺസിലിൽ ചർച്ചയില്ലാതെ ഏകപക്ഷീയമായി തീരുമാനം പ്രഖ്യാപിച്ച് അധ്യക്ഷ ഇറങ്ങിപ്പോയി. സ്‌റ്റാൻഡ് മാറ്റം സംബന്ധിച്ച് എൽഡിഎഫ് നേതൃത്വത്തിലുള്ള 12 പ്രതിപക്ഷാംഗങ്ങൾ മുനിസിപ്പൽ നിയമത്തിലെ ചട്ടം ഏഴ് പ്രകാരം നൽകിയ നോട്ടീസിൽ സെക്രട്ടറി വിളിച്ച് ചേർത്ത പ്രത്യേക കൗൺസിലിലാണ് അംഗങ്ങളുടെ അവകാശം നിഷേധിച്ച് നഗരസഭാധ്യക്ഷയുടെ നടപടി. യുഡിഎഫ്– സ്വതന്ത്രകൂട്ടായ്‌മ സഖ്യം കൗൺസിലിന് മുമ്പ് കേരള കോൺഗ്രസ്(ജോസഫ് വിഭാഗം) ഓഫീസിൽ യോഗം ചേർന്ന് എടുത്ത തീരുമാനം അധ്യക്ഷ കൗൺസിലിൽ പ്രഖ്യാപിക്കുകയായിരുന്നു. കൊട്ടാരമറ്റം ഓട്ടോസ്‌റ്റാൻഡ് ബസ് സ്‌റ്റാൻഡിലേക്ക് മാറ്റിയതിന് അംഗീകാരം തേടിയായിരുന്നു പ്രതിപക്ഷാംഗങ്ങൾ നോട്ടീസ് നൽകി പ്രത്യേക കൗൺസിൽ ചേർന്നത്. എന്നാൽ സ്‌റ്റാൻഡ് മാറ്റുന്നത് സംബന്ധിച്ച് ഭരണപക്ഷത്തെ 14 അംഗങ്ങൾ ഒപ്പിട്ട് നൽകിയ നിവേദനം കൗൺസിലിൽ വായിച്ച് ഇതുസംന്ധിച്ച് നഗരസഭാ സെക്രട്ടറിയുടെ റിപ്പോർട്ട് തേടാൻ തീരുമാനിച്ചതായി പ്രഖ്യാപിച്ച് ചെയർപേഴ്‌സൺ ദിയ ബിനു യോഗം അവസാനിപ്പിച്ചു. ഭരണപക്ഷത്തെ പത്ത് അംഗങ്ങളും ഇറങ്ങിപ്പോയി. കോൺഗ്രസിന്റെ നാല് അംഗങ്ങളും അഭിപ്രായങ്ങൾ പറയാതെ അൽപ്പം കഴിഞ്ഞ് ഇറങ്ങിപ്പോകുകയായിരുന്നു. ഓട്ടോ സ്‌റ്റാൻഡ് വിഷയത്തിനാണ് പ്രത്യേക കൗൺസിലിൽ മുഖ്യപരിഗണന നൽകേണ്ടിയിരുന്നത്. എന്നാൽ സ്‌റ്റാൻഡിങ് കമ്മിറ്റികളുടെ തീരുമാനങ്ങളും ഭരണപക്ഷാംഗങ്ങളുടെ നിവേദനവും അജണ്ടയിൽ ആദ്യം ഉൾപ്പെടുത്തിയ ചെയർപേഴ്‌സൺ സ്‌റ്റാൻഡ് വിഷയം അവസാനമായാണ് പരിഗണിച്ചത്. ചർച്ച അട്ടിമറിക്കാനുള്ള നടപടിയായിരുന്നു ഇത്.
ചെയർപേഴ്‌സന്റെ നടപടി അവകാശലംഘനം
പാലാ
കൊട്ടാരമറ്റത്തെ ഓട്ടോ സ്‌റ്റാൻഡ് വിഷയത്തിൽ പ്രതിേപക്ഷാംഗങ്ങളുടെ നോട്ടീസിൽ വിളിച്ച് ചേർത്ത പ്രത്യേക കൗൺസിലിൽ അംഗങ്ങളുടെ ചർച്ച അനുവദിക്കാത്ത പാലാ നഗരസഭാധ്യക്ഷ ദിയ ബിനുവിന്റെ നടപടി അവകാശലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് ബിജു പാലൂപ്പടവൻ പറഞ്ഞു. പാവപ്പെട്ട ഓട്ടോതൊഴിലാളികളുടെ ആവശ്യത്തിൽ നഗരസഭാധ്യക്ഷ ഒരേസമയം ഇരയ്‌ക്കും വേട്ടക്കാരനുമൊപ്പം ചേരുന്ന വഞ്ചനാപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും ബിജു പറഞ്ഞു. അധ്യക്ഷയോട് രാജിവെയ്‌ക്കാൻ ആവശ്യപ്പെടില്ല. ധാർമികതയുണ്ടെങ്കിൽ സ്വയം രാജിവയ്‌ക്കണം. ആറ് മാസമായി നഗരസഭയിൽ ഭരണസ്‌തംഭനമാണെന്നും ബിജു പാലൂപ്പടവൻ പറഞ്ഞു.










0 comments