പ്രതീക്ഷകൾ മങ്ങി

ക്രിസ്‌മസ് വിപണി ലക്ഷ്യമിട്ട് വളർത്തിയ ഇറച്ചിക്കോഴികൾ
കോട്ടയം
ജില്ലയിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ഉള്ളുലഞ്ഞ് കർഷകരും വ്യാപാരികളും. പക്ഷിപ്പനി റിപ്പോർട്ട് ചെയ്‌തതോടെ, ക്രിസ്‌മസ് മുന്നിൽ കണ്ട് കാത്തിരുന്നവരുടെ പ്രതീക്ഷകൾക്കാണ് മങ്ങലേൽക്കുന്നത്. ഏറെ നാളായി തുടരുന്ന വിലയിടിവിൽ അൽപ്പം വർധനവുണ്ടായത് ക്രിസ്‌മസ് കാലത്താണ്. 157 രൂപയാണ് ഒരു കിലോ കോഴിയിറച്ചിക്ക് കോട്ടയത്തെ ചൊവ്വാഴ്ചത്തെ വിപണി വില. പക്ഷിപ്പനിക്ക് പിന്നാലെ തീൻമേശയിൽനിന്ന് കോഴിയും താറാവും പുറത്തായാൽ വീണ്ടും വിലയിടിവുണ്ടാകുമോയെന്ന ആശങ്കയിലാണ് വ്യാപാരികൾ. എന്നാൽ, പടിഞ്ഞാറൻ മേഖലയിലുണ്ടായ പക്ഷിപ്പനിയിൽ ജനങ്ങൾ ഭയപ്പെടേണ്ടതില്ലെന്നും നിലവിൽ കൂടുതലായും തമിഴ്‌നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നാണ് ഇറച്ചി എത്തുന്നതെന്നും വ്യാപാരികൾ പറഞ്ഞു. വിലക്കുറവ്, ഉൽപ്പാദനം കുറച്ച് കർഷകർ ഏറെ നാളായി വില കുറവായതിനാൽ പടിഞ്ഞാറൻ മേഖലയിൽ ഉൾപ്പെടെയുള്ള കർഷകർ കോഴി ഉൽപാദനം കുറച്ചിരുന്നു. 110– 120 രൂപയായിരുന്നു നാളുകൾ മുമ്പ് വിപണിയിലെ കോഴിവില. ഒരു കോഴി വിപണിയിലെത്തിക്കുമ്പോൾ ശരാശരി നൂറ് രൂപ കർഷകന് ചെലവ് വരും. എന്നാൽ, വ്യാപാരികളുടെയും ഇടനിലക്കാരുടെയും പണം കുറച്ച് കഴിഞ്ഞാൽ 80–85 രൂപ മാത്രമാണ് കർഷകന് ലഭിക്കുന്നത്. വലിയ നഷ്‌ടത്തിലേക്ക് നയിച്ചതോടെയാണ് കർഷകർ ഉൽപ്പാദനം കുറച്ചത്. ഇതോടെ തമിഴ്‌നാട്ടിൽ നിന്നുള്ള കോഴികളാണ് കോട്ടയത്ത് വിപണനത്തിന് എത്തുന്നത്. ഏറെ നാളുകൾക്ക് ശേഷമാണ് കർഷകന് ഗുണകരമാകുന്ന രീതിയിൽ വിപണി വില വർധിച്ചത്. ആശ്വാസമാകുമെന്ന് കരുതിയ സമയത്തെ ഇൗ തിരിച്ചടി വലിയ ബാധ്യതയിലേക്കാണ് കർഷകരെ വീണ്ടുമെത്തിക്കുക. എല്ലാ ക്രിസ്‌മസ് സമയത്തും കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിലുണ്ടാകുന്ന പക്ഷിപ്പനിയെ കുറിച്ച് കാര്യമായ പഠനം ആവശ്യമുണ്ടെന്നും കർഷകരും വ്യാപാരികളും പറയുന്നു.










0 comments