പണിയാണ്; പണമില്ല

കോട്ടയം പണിയെടുത്തിട്ടും കൈയിൽ കൂലിയെത്താതെ വലഞ്ഞ് സ്‌കൂൾ പാചകത്തൊഴിലാളികൾ. ജില്ലയിലെ 1,300ഓളം തൊഴിലാളികളാണ് മാസങ്ങളായി വേതനം ലഭിക്കാതെ പ്രതിസന്ധിയിലായിരിക്കുന്നത്. അധ്യയനവർഷം ആരംഭിച്ച് രണ്ട് മാസമായിട്ടും ഇതുവരെ വേതനം ലഭിച്ചിട്ടില്ല. ദിവസവേതന അടിസ്ഥാനത്തിലാണ് ഇവർക്ക് കൂലി നിശ്ചയിച്ചിട്ടുള്ളത്. കേന്ദ്രത്തിൽനിന്ന് ലഭിക്കേണ്ട ഫണ്ട് വൈകുന്നതാണ് വേതനം മുടങ്ങാൻ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കേന്ദ്രഫണ്ട് ലഭിച്ചില്ലെങ്കിലും സർക്കാർ സ്വന്തം നിലയിൽ ഫണ്ട് കണ്ടെത്തി കൃത്യമായി വേതനം നൽകിയിരുന്നു. യുഡിഎഫ് സർക്കാരിന്റെ ഭാഗത്തുനിന്ന് അത്തരം ഇടപെടലുകൾ ഉണ്ടാകാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് തൊഴിലാളികൾ ചൂണ്ടിക്കാണിക്കുന്നു. പുതിയ സർക്കാർ അധികാരമേറ്റതിനുപിന്നാലെ മുഖ്യമന്ത്രി പ്രഖ്യാപിച്ച 1,000 രൂപ ഉൾപ്പെടെ ഇനിയും കിട്ടാനുണ്ട്. തൊഴിലാളികൾക്ക് അമിതമായ ജോലിഭാരമായതിനാൽ വിദ്യാർഥി–തൊഴിലാളി അനുപാതം പുനക്രമീകരിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ട് നാളേറെയായി. അതിനും പരിഹാരമില്ല. നിലവിൽ ഒന്നുമുതൽ 50വരെ കുട്ടികൾക്ക് ഒരു പാചകത്തൊഴിലാളി, 51മുതൽ 500വരെ കുട്ടികൾക്ക് രണ്ട് എന്നിങ്ങനെയാണ് കണക്ക്. 500ൽ ഒരു കുട്ടികുറഞ്ഞാൽ രണ്ടാമതായി നിയമിക്കപ്പെട്ട പാചകത്തൊഴിലാളിയുടെ ജോലി നഷ്ടമാകുന്ന അവസ്ഥയിലാണ്. വിലക്കയറ്റം ഉച്ചഭക്ഷണത്തിനും വെല്ലുവിളി വേതന പ്രതിസന്ധിക്കൊപ്പം സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയും പ്രതിസന്ധിയിലാണ്. നിത്യോപയോഗ സാധനങ്ങൾക്ക് വില കുതിച്ചുയരുമ്പോഴും അതിനനുസൃതമായി ഫണ്ട് വർധിപ്പിച്ച് നൽകാൻ സർക്കാർ തയ്യാറായിട്ടില്ല. തുച്ഛമായ തുകയ്ക്ക് കുട്ടികൾക്ക് ഭക്ഷണം നൽകുകയെന്നത് വലിയ വെല്ലുവിളിയാണ്. ഇത് കുട്ടികളുടെ ഉച്ചഭക്ഷണത്തെയും സാരമായി ബാധിക്കുന്നുണ്ട്. കുടിശികയായ വേതനം നൽകാനും മറ്റ് പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാനും സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.










0 comments