ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ ശോച്യാവസ്ഥയിൽ
ട്രാക്കിലാകാതെ കിഴക്കിന്റെ കവാടം

ഏറ്റുമാനൂർ റെയിൽവേ സ്‌റ്റേഷൻ മേൽക്കൂര ഇല്ലാത്തതിനാൽ യാത്രക്കാർ മഴ നനയുന്നു
ധനേഷ് ഓമനക്കുട്ടൻ
Published on Aug 04, 2025, 12:25 AM | 1 min read
ഏറ്റുമാനൂർ
കിഴക്കിന്റെ കവാടം എന്നറിയപ്പെടുന്ന ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ യാത്രക്കാർക്ക് സമ്മാനിക്കുന്നത് ദുരിതം മാത്രം. മെഡിക്കൽ കോളേജ്, എംജി സർവകലാശാല, അതിരമ്പുഴ പള്ളി, മാന്നാനം പള്ളി, ഏറ്റുമാനൂർ ക്ഷേത്രം തുടങ്ങിയ ഇടങ്ങളിലേക്ക് എത്തുന്നവർ ആശ്രയിക്കുന്ന സ്‌റ്റേഷനാണ് അടിസ്ഥാന സൗകര്യങ്ങളില്ലാതെ ശ്വാസം മുട്ടുന്നത്. അമൃത ഭാരത് പദ്ധതി വഴിയുള്ള പ്രവർത്തനങ്ങൾ നിലച്ച ഘട്ടത്തിലാണ്. പ്ലാറ്റ്ഫോമുകളിലെ റൂഫുകൾ ചോർന്നൊലിച്ച് വെള്ളം കെട്ടിക്കിടന്ന് നടക്കാനാവാത്ത അവസ്ഥയിലാണ്. വെള്ളം ഊർന്നിറങ്ങി എൽഇഡി ഉൾപ്പെടെയുള്ളവ നശിച്ചു. വേനൽക്കാലത്ത് വെള്ളമില്ലാത്തതും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. ഈ സമയം ശുചിമുറി അടച്ചിടേണ്ട അവസ്ഥയാണ്. പ്ലാറ്റ്ഫോമിൽ കൂളർ സംവിധാനം ഉണ്ടെങ്കിലും വെള്ളം എത്തുന്നില്ല. സ്റ്റേഷനിലേക്ക് എത്തുന്ന റോഡുകളെല്ലാം തകർന്നു. പാതയോരങ്ങളിൽ കാടുകയറിയതും യാത്രക്കാരെ ആശങ്കയിലാക്കുന്നു. ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. വരുമാനം മാത്രം മതിയോ... 1.34 കോടി രൂപയാണ് ഇവിടത്തെ ഒരു വർഷത്തെ വരുമാനം. എന്നാൽ, അതിനൊത്ത സംവിധാനങ്ങളോ അടിസ്ഥാന സൗകര്യങ്ങളോ ഇവിടെയില്ല. എറണാകുളം ജങ്ഷനിൽ നിന്ന് രാവിലെ 9. 45ന് എത്തുന്ന എക്സ്പ്രസ് മെമുവിന് സ്റ്റോപ്പില്ലാത്തതും ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു. രാവിലെ 6.15നുള്ള വഞ്ചിനാട് എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യവും ശക്തമാണ്. പ്ലാറ്റ്ഫോമിൽനിന്നും ജങ്ഷനിലേക്ക് മേൽപ്പാലം വേണമെന്ന ആവശ്യത്തിനും വർഷങ്ങൾ പഴക്കമുണ്ട്. സ്റ്റേഷന് സമീപമുള്ള മനക്കപ്പാടം ബസ് സ്റ്റോപ്പിൽ കാത്തിരിപ്പ് കേന്ദ്രത്തിന്റെ അഭാവവും യാത്രക്കാരെ അലട്ടുന്നു. മഴയായാൽ യാത്രക്കാർ റെയിൽവേ പാലത്തിനടിയിലാണ് നിൽക്കുന്നത്. പാർക്കിങ് കരാറുകാർ പണി നിർത്തുന്നു യാത്രികർ കൂടുമെന്ന ധാരണയിൽ വാഹന പാർക്കിങ് സംവിധാനം കരാറെടുത്തവരും വെട്ടിലായി. ദിവസേന 5000 രൂപയാണ് റെയിൽവേയ്ക്ക് വാടക ഇനത്തിൽ നൽകേണ്ടത്. എന്നാൽ പ്രധാന ട്രെയിനുകൾ നിർത്താത്തതിനാൽ യാത്രക്കാർ കുറഞ്ഞതോടെ വരുമാനവും ഇടിഞ്ഞു. ഇത് കരാറുകാരെ വലിയ നഷ്ടത്തിലാഴ്ത്തുകയാണ്. നിലവിൽ സുരക്ഷിതമായ പാർക്കിങ് സംവിധാനം ഉള്ളതിനാൽ വാഹന മോഷണം പോവുന്നതിന് വിരാമമായിട്ടുണ്ട്. എന്നാൽ പ്രധാന ട്രെയിനുകൾ നിർത്തത്ത അവസ്ഥ തുടർന്നാൽ കരാറുകാർ ജോലി ഉപേക്ഷിക്കേണ്ട അവസ്ഥയാണ്.










0 comments