കകടുത്തുരുത്തിയിൽനിന്ന് 90 ടൺ നെല്ല് മില്ലുകാർ ഏറ്റെടുത്തു
നെല്ല് സംഭരണം തടസങ്ങൾ നീങ്ങുന്നു


സ്വന്തം ലേഖകൻ
Published on Mar 13, 2026, 12:25 AM | 1 min read
കോട്ടയം
ജില്ലയിൽ നെല്ല് സംഭരണത്തിൽ നിലനിന്നിരുന്ന തടസ്സങ്ങൾ നീങ്ങുന്നു. മില്ലുകാരുമായി തർക്കം നിലനിന്നിരുന്ന കടുത്തുരുത്തി മധുരവേലി പടിഞ്ഞാറേപ്പുറം പാടശേഖരത്തിൽനിന്ന് 90 ടൺ നെല്ല് മില്ലുകാർ ഏറ്റെടുത്തു. ഇവിടെ ഇനിയും നെല്ല് സംഭരിക്കാനുണ്ട്. നെല്ലിന്റെ ഗുണപരിശോധന നടത്തി ബാക്കി നെല്ലും ഉടൻ സംഭരിക്കുമെന്ന് അധികൃതർ അറിയിച്ചു. പതിര് കൂടുതലെന്ന് പറഞ്ഞ് നെല്ല് സംഭരിക്കാതെ മില്ലുകാർ പിൻമാറിയതാണ് ഇവിടെ തർക്കത്തിനിടയാക്കിയത്. 68 ഓളം കർഷകരാണ് ഇവിടെ കൃഷി ചെയ്യുന്നത്. കർഷകർ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. ജില്ലയിൽ ഇതിനകം 4,566 ടൺ നെല്ല് സംഭരിച്ചു. 17,213 ടൺ നെല്ലാണ് മില്ലുകൾക്ക് അലോട്ട് ചെയ്‌തിരിക്കുന്നത്. കൊയ്‌ത്ത് കഴിഞ്ഞ പാടങ്ങളിൽനിന്ന് സമയബന്ധിതമായി സംഭരണം നടത്താനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. സപ്ലൈകോയാണ് നിലവിൽ നെല്ല് സംഭരിക്കുന്നത്. നെല്ല് സംഭരിച്ച വകയിൽ കേന്ദ്രസർക്കാർ 1,300 കോടി രൂപ നൽകാനുണ്ട്. കേന്ദ്രസർക്കാർ നൽകേണ്ട താങ്ങുവില വൈകുന്നതും ഭീമമായ കുടിശ്ശികയും സംഭരണത്തിൽ പ്രതിസന്ധി സൃഷ്‌ടിക്കുന്നുണ്ട്. കേന്ദ്രം പ്രഖ്യാപിച്ച 23.20 രൂപയ്‌ക്ക് പുറമേ ആറ് രൂപ 80 പൈസ അധികം നൽകി 30 രൂപയ്‌ക്കാണ് സംസ്ഥാന സർക്കാർ നെല്ല് സംഭരിക്കുന്നത്. നെൽകർഷകർക്ക് സംസ്ഥാന സർക്കാർ അധികതുക അനുവദിക്കരുതെന്ന് കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിനോട് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. എന്നാൽ നെൽകർഷകർക്ക് അധികബോണസ് നൽകുന്നത് തുടരുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ട്. ചില സ്ഥലങ്ങളിൽ കൊയ്‌ത്ത് യന്ത്രങ്ങൾ ലഭ്യമല്ലാത്തത് കർഷകർക്ക് പ്രതിസന്ധി സൃഷ്‌ടിക്കുന്നുണ്ട്. തമിഴ്‌നാട്ടിൽനിന്ന് വേണ്ടത്ര കൊയ്‌ത്തുയന്ത്രങ്ങൾ ഇത്തവണ എത്തിയിട്ടില്ല. കോട്ടയം നഗരസഭയ്‌ക്ക് ഉണ്ടായിരുന്ന കൊയ്‌ത്തുയന്ത്രം നാട്ടകത്തെ സോണൽ ഓഫീസിന് പിന്നിൽ കാടുപിടിച്ച് കിടക്കുകയാണ്.










0 comments