ad
Deshabhimani

3033 ടൺ നെല്ല്‌ സംഭരിച്ചു

nellu sambharanam
വെബ് ഡെസ്ക്

Published on Mar 05, 2026, 01:06 AM | 1 min read

കോട്ടയം ജില്ലയിലെ നെല്ല്‌ സംഭരണം ഉ‍ൗർജിതമാക്കാൻ നടപടി. സംസ്ഥാനത്തെ നെല്ല്‌ സംഭരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനായി ചീഫ്‌ സെക്രട്ടറിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥതല യോഗം ചേർന്നിരുന്നു. സുഗമമായ സംഭരണത്തിന്‌ തടസ്സമായ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ചീഫ്‌ സെക്രട്ടറി ഉദ്യോഗസ്ഥർക്ക്‌ നിർദേശം നൽകിയിട്ടുണ്ട്‌. 6086 മെട്രിക്‌ ടൺ നെല്ലാണ്‌ ജില്ലയിൽ നിലവിൽ മില്ലുകാർക്ക്‌ അലോട്ട്‌ ചെയ്‌തിരിക്കുന്നത്‌. ഇതിൽ 3033 മെട്രിക്‌ ടൺ നെല്ല്‌ ഇതിനകം സംഭരിച്ചു. 23 ശതമാനം പാടങ്ങളിലാണ്‌ ഇതിനകം കൊയ്‌ത്ത്‌ കഴിഞ്ഞത്‌. കൊയ്‌ത്ത്‌ കഴിഞ്ഞ സ്ഥലങ്ങളിലെല്ലാം സമയബന്ധിതമായി നെല്ല്‌ സംഭരണം പുരോഗമിക്കുകയാണെന്ന്‌ പാഡി ഓഫീസർ അറിയിച്ചു. 210 ഏക്കറോളം വരുന്ന കടുത്തുരുത്തി മധുരവേലി പടിഞ്ഞാറേപ്പുറം പാടശേഖരത്തിലെ നെൽ സംഭരണമാണ്‌ നിലവിൽ തർക്കത്തിൽ തുടരുന്നത്‌. നെല്ല്‌ സംഭരിക്കാൻ സ്വകാര്യ മില്ലുകാർ എത്തിയെങ്കിലും പതിര്‌ കൂടുതലെന്ന്‌ പറഞ്ഞ്‌ പിൻമാറുകയായിരുന്നു. 68 ഓളം ചെറുതും വലുതുമായ കർഷകരാണ്‌ ഇവിടെ കൃഷി ചെയ്യുന്നത്‌. മില്ലുകാർ പിൻമാറിയതോടെ മേഖലയിലെ കർഷകർ ദുരിതത്തിലായി. നിരവധി ലോഡ്‌ നെല്ല്‌ പാടത്ത്‌ കൂട്ടിയിട്ടിരിക്കുകയാണ്‌. മഴ പെയ്‌താൽ അധ്വാനം വെള്ളത്തിലാകും. കർഷകരെ കൂടുതൽ സമർദത്തിലാക്കി കൂടുതൽ കിഴിവ്‌ ഇ‍ൗടാക്കാനുള്ള മില്ലുടമകളുടെയും ഏജന്റുമാരുടെയും ഒത്തുകളിയാണ് സംഭരണം നീളുന്നതിന്‌ പിന്നിലെന്നാണ്‌ നെൽകർഷകർ പറയുന്നത്‌. പതിര്‌ കൂടുതലാണെന്ന്‌ സ്വകാര്യ മില്ലുകാർ പറഞ്ഞതിനാൽ നെല്ലിന്റെ ഗുണനിലവാര പരിശോധന നടത്തിയിട്ടുണ്ട്‌. ഇക്കാര്യത്തിൽ കർഷകർക്ക്‌ അനുകൂലമായ തീരുമാനമുണ്ടാകുമെന്നും ഉടൻ സംഭരണം പൂർത്തിയാക്കുമെന്നും അധികൃതർ പറഞ്ഞു. ​ സപ്ലൈകോയാണ്‌ നിലവിൽ നെല്ല്‌ സംഭരിക്കുന്നത്‌. നെല്ല്‌ സംഭരിച്ച വകയിൽ കേന്ദ്രസർക്കാർ 1300 കോടി രൂപ നൽകാനുണ്ട്‌. കേന്ദ്രസർക്കാർ നൽകേണ്ട താങ്ങുവില വൈകുന്നതും ഭീമമായ കുടിശികയും സംഭരണത്തിൽ പ്രതിസന്ധി സൃഷ്‌ടിക്കുന്നുണ്ട്‌. കേന്ദ്രം പ്രഖ്യാപിച്ച 23.20 രൂപയ്‌ക്ക്‌ പുറമേ ആറ്‌ രൂപ 80 പൈസ അധികം നൽകി 30 രൂപയ്‌ക്കാണ്‌ സർക്കാർ നെല്ല്‌ സംഭരിക്കുന്നത്‌. നെൽകർഷകർക്ക്‌ സംസ്ഥാന സർക്കാർ അധികതുക അനുവദിക്കരുതെന്ന്‌ കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിനോട്‌ രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. എന്നാൽ നെൽകർഷകർക്ക്‌ അധികബോണസ്‌ നൽകുന്നത്‌ തുടരുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home