കാശെവിടെ സർക്കാരെ

കോട്ടയം കടം വാങ്ങി നെൽകൃഷിയിറക്കിയ കർഷകരെ കടക്കെണിയിലാക്കി സംസ്ഥാന സർക്കാർ. ജില്ലയിൽ പുഞ്ചക്കൃഷിയുടെ ഭാഗമായി സപ്ലൈക്കോ സംഭരിച്ച നെല്ലിന്റെ പണം ഇനിയും പൂർണമായും നൽകിയില്ല. രണ്ട് കോടി രൂപയാണ് കർഷകർക്ക് കുടിശിക നൽകാനുള്ളത്. ഓണത്തിന് മുന്പെങ്കിലും പണം കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു കർഷകർ. പടിഞ്ഞാറൻ മേഖലയിലെ നിരവധി കർഷകർക്ക് ഇനിയും പണം ലഭിച്ചില്ല. ബാങ്കുകളിൽനിന്ന് പണം കിട്ടാത്തവർ കടം വാങ്ങിയും നഷ്‌ടം സഹിച്ചുമാണ് വിരിപ്പുകൃഷിക്ക് നിലം ഒരുക്കിയത്. വിരിപ്പ് കൃഷി തുടങ്ങിയിട്ട് ഒരു മാസമായി. നിരവധി പേരുടെ കൃഷി വെള്ളപ്പൊക്കത്തിൽ നശിച്ചു. കൃഷി നശിച്ചവർക്ക് സർക്കാർ സഹായവും ലഭിച്ചില്ല. ജില്ലയിൽ കനറ, എസ്ബിഐ ബാങ്കുകളാണ് നെല്ലുവില വായ്പയായി കൊടുക്കുന്നത്. ബാങ്കുകൾക്ക് സർക്കാർ നൽകാനുള്ള പണം ലഭിക്കാത്തതാണ് തടസം. കർഷകർ നിരന്തരം ആവശ്യപ്പെട്ടിട്ടും പ്രശ്‌നം പരിഹരിക്കാൻ സംസ്ഥാന സർക്കാർ ഇടപെടാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. പുഞ്ചകൃഷിയിൽ 9,000 ഹെക്‌ടറിൽനിന്ന് 40,461 ടൺ നെല്ലാണ് ജില്ലയിൽ സംഭരിച്ചത്. 341 പാടശേഖരങ്ങളിലെ 10,411 കർഷകരാണ് സപ്ലൈക്കോയ്‌ക്ക് നെല്ല് നൽകിയത്. സപ്ലൈക്കോ 341 ടണ്ണും ഓയിൽപാം ഇന്ത്യ ലിമിറ്റഡ് 18 ടണ്ണും സംഭരിച്ചു. 30.12 രൂപയാണ് ഒരു കിലോ നെല്ലിന്റെ സംഭരണവില. സംഭരണവില കിലോയ്ക്ക് 35 രൂപയായി ഉയര്‍ത്തുമെന്നായിരുന്നു യുഡിഎഫ് പ്രകടനപത്രികയിലെ വാഗ്‌ദാനം. സംഭരണവില കൊടുക്കുമെന്ന് മാത്രമായിരുന്നു വി ഡി സതീശന്റെ ബജറ്റ് പ്രസംഗത്തിലെ പരാമർശം. സംഭരണവില കിലോയ്ക്ക് 30 രൂപയായി എൽഡിഎ-ഫ് സർക്കാരാണ് വർധിപ്പിച്ചത്. നെല്ല് വികസന പദ്ധതികളുടെ സംയോജനത്തിനായി 150 കോടിയും വകയിരുത്തി. കര്‍ഷകര്‍ക്ക് കൃത്യസമയത്ത് പണം ലഭ്യമാക്കാനായി പ്രഖ്യാപിച്ച റിവോള്‍വിങ് ഫണ്ടിനെക്കുറിച്ച് ഇത്തവണ ബജറ്റിൽ നിര്‍ദേശങ്ങളുമില്ലായിരുന്നു. ഉൽപാദനച്ചെലവ് കുത്തനെ കൂടിയതിനാൽ സംഭരണവില കൂട്ടുമെന്ന പ്രതീക്ഷയിലായിരുന്നു കർഷകർ. തൊഴിലാളികളെ കിട്ടാനില്ലാത്തതും കൊയ്‌ത്തുയന്ത്രങ്ങളുടെ വാടക കൂട്ടിയതും കർഷകർക്ക് തിരിച്ചടിയാണ്. രാസവളം വില കൂടിയതും പ്രതിസന്ധിയുടെ ആഴംകൂട്ടി.










0 comments