സപ്ലൈകോ നെല്ല് സംഭരണം
കർഷകർക്ക് കുടിശ്ശിക 13 കോടി

കോട്ടയം ജില്ലയിലെ നെൽകർഷകർ വിരിപ്പുകൃഷി തുടങ്ങിയിട്ടും പുഞ്ചക്കൃഷിയുടെ ഭാഗമായി സപ്ലൈകോ സംഭരിച്ച നെല്ലിന്റെ പണം ഇനിയും പൂർണമായും നൽകിയില്ല. 13 കോടി രൂപയാണ് ജില്ലയിൽ കർഷകർക്ക് നൽകാനുള്ള കുടിശ്ശിക. ബാങ്കുകളിൽനിന്ന് പണം കിട്ടാത്തവർ കടം വാങ്ങിയും നഷ്‌ടം സഹിച്ചുമാണ് വിരിപ്പുകൃഷിക്ക് നിലം ഒരുക്കുന്നത്. ജില്ലയിൽ കനറ, എസ്ബിഐ ബാങ്കുകളാണ് നെല്ലുവില വായ്പയായി കൊടുക്കുന്നത്. ഒരാഴ്‌ചയായി നെൽവില നൽകുന്നത് ബാങ്കുകൾ നിർത്തിവച്ചിരിക്കുകയാണ്. ബാങ്കുകൾക്ക് സർക്കാർ നൽകാനുള്ള പണം ലഭിക്കാത്തതാണ് തടസ്സം. കേന്ദ്രവിഹിതമായ 90 കോടി രൂപ സപ്ലൈകോയ്‌ക്ക് ലഭിച്ചിട്ടും പ്രശ്‌നം പരിഹരിക്കാൻ സംസ്ഥാന സർക്കാർ ഇടപെടാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. പുഞ്ചകൃഷി 9,000 ഹെക്‌ടറിൽ നിന്ന് 40,461 ടൺ നെല്ലാണ് ജില്ലയിലെ കർഷകരിൽനിന്ന് ഇത്തവണസംഭരിച്ചത്. 341 പാടശേഖരങ്ങളിലെ 10,411 കർഷകരാണ് സപ്ലൈകോയ്‌ക്ക് നെല്ല് നൽകിയത്. സപ്ലൈകോ 341 ടണ്ണും ഓയിൽപാം ഇന്ത്യ ലിമിറ്റഡ് 18 ടണ്ണും സംഭരിച്ചു. 30.12 രൂപയാണ് ഒരു കിലോ നെല്ലിന്റെ സംഭരണവില. നെല്ലിന് സംഭരണവില കിലോയ്ക്ക് 35 രൂപയായി ഉയര്‍ത്തുമെന്നായിരുന്നു യുഡിഎഫ് പ്രകടനപത്രികയിലെ വാഗ്‌ദാനം. എന്നാൽ സംഭരണവില കൊടുക്കുമെന്ന് മാത്രമായിരുന്നു വി ഡി സതീശന്റെ ബജറ്റ് പ്രസംഗത്തിലെ പരാമർശം. നെല്ലിന് സംഭരണവില കിലോയ്ക്ക് 30 രൂപയായി എൽഡിഎ-ഫ് സർക്കാരാണ് വർധിപ്പിച്ചത്. നെല്ല് വികസന പദ്ധതികളുടെ സംയോജനത്തിനായി 150 കോടിയും വകയിരുത്തിയിരുന്നു. കര്‍ഷകര്‍ക്ക് കൃത്യസമയത്ത് പണം ലഭ്യമാക്കാനായി പ്രഖ്യാപിച്ച റിവോള്‍വിങ് ഫണ്ടിനെക്കുറിച്ച് ഇത്തവണ ബജറ്റിൽ നിര്‍ദേശങ്ങളുമില്ലായിരുന്നു. ഉൽപ്പാദനച്ചെലവ് കുത്തനെ കൂടിയതിനാൽ സംഭരണവില കൂട്ടുമെന്ന പ്രതീക്ഷയിലായിരുന്നു കർഷകർ. തൊഴിലാളികളെ കിട്ടാനില്ലാത്തതും കൊയ്‌ത്തുയന്ത്രങ്ങളുടെ വാടക കൂട്ടിയതും കർഷകർക്ക് തിരിച്ചടിയാണ്. രാസവളം വില കൂടിയതും പ്രതിസന്ധിയുടെ ആഴംകൂട്ടി.









0 comments