മില്ലുടമകളുടെ അനാസ്ഥ, ചൂഷണം
ആശങ്കയിൽ നെൽകർഷകർ

തിരുവാർപ്പ് 900 പാടശേഖരത്തുനിന്ന് കൊയ്‌തെടുത്ത നെല്ല് ലോറിയിൽ കയറ്റുന്നു
കോട്ടയം മില്ലുടമകളുടെ പിടിവാശിമൂലം കൊയ്‌തെടുത്ത നെല്ല് സംഭരിക്കാനാകാത്തതിലും സംഭരിച്ച നെല്ലിന്റെ പണം എപ്പോൾ കിട്ടുമെന്ന് വ്യക്തതയില്ലാത്തതിനാലും നെൽ കർഷകർ ആശങ്കയുടെ മുൾമുനയിൽ. ജില്ലയിൽ ചെറുതും വലുതുമായ 420 പാടങ്ങളിലാണ് ഇത്തവണ പുഞ്ചകൃഷിയിറക്കിയത്. മില്ലുകാരുടെ നിസ്സഹകരണംമൂലം പലയിടത്തും സംഭരണം വൈകുകയാണ്. മില്ലുകാർ ആവശ്യപ്പെടുന്ന കിഴിവ് നൽകിയാൽ വലിയ നഷ്‌ടം സംഭവിക്കുമെന്ന് കർഷകർ പറയുന്നു. 58,323 ടൺ നെല്ല് ഇൗ വർഷം സംഭരിക്കാനാകുമെന്നാണ് സപ്ലൈകോ പ്രതീക്ഷിക്കുന്നത്. 46,893 ടൺ നെല്ല് സംഭരിക്കാനുള്ള അനുമതി 28 മില്ലുകാർക്ക് നൽകിയിട്ടുണ്ട്. മെയ് പകുതിയോടെ നെല്ല് സംഭരണം പൂർത്തിയാക്കാനാകുമെന്ന് അധികൃതർ പറയുന്നു. കൊയ്‌ത് പാടത്ത് കൂട്ടിയിട്ട നെല്ല് സമയബന്ധിതമായി സംഭരിച്ചില്ലെങ്കിൽ മഴ വന്നാൽ എടുത്ത പണി വെള്ളത്തിലാകുമെന്നതാണ് കർഷകരെ വലയ്‌ക്കുന്നത്. കേന്ദ്രം നൽകാനുള്ളത് 1300 കോടി; സംഭരിച്ച നെല്ലിന് കാശെന്ന് കിട്ടും മാർച്ച് 18 വരെ പിആർഎസ്(കൈപ്പറ്റ് രസീത്) നൽകിയ കർഷകരുടെ പണം സപ്ലൈകോ നൽകിയിട്ടുണ്ട്. കനറ ബാങ്കും എസ്‌ബിഐയും മുഖേനയാണ് സംഭരിച്ച നെല്ലിന് പണം നൽകുന്നത്. പിആർഎസ് വായ്‌പാ പദ്ധതിയിലൂടെ നെൽവില ബാങ്കിൽനിന്ന് ലഭ്യമാക്കുന്നത് കേരളത്തിൽ മാത്രമാണ്. പലിശയും മുതലും ചേർത്തുള്ള വായ്‌പ തിരിച്ചടയ്‌ക്കുന്നത് സംസ്ഥാന സർക്കാരാണ്. ബാങ്കുകൾക്ക് പണം നൽകിയാലേ ബാങ്കുകൾ കർഷകർക്ക് പണം നൽകൂ. കേന്ദ്ര സർക്കാരിൽനിന്ന് 1300 കോടി രൂപ കേരളത്തിന് ലഭിക്കാനുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തെ കണക്ക് പ്രകാരം 300 കോടി രൂപ കേന്ദ്രത്തിൽനിന്ന് ലഭിക്കാനുണ്ട്. പല കാരണങ്ങൾ പറഞ്ഞ് തുക തടഞ്ഞുവയ്‌ക്കുകയാണ് കേന്ദ്രം. ഇൗ പണം ലഭിച്ചാൽ തുക ബാങ്കുകൾക്ക് കൈമാറി പ്രതിസന്ധി പരിഹരിക്കാനാകും. സംഭരിച്ച നെല്ലിന്റെ പണം വൈകുന്നത് വായ്‌പയെടുത്ത് കൃഷിക്കിറങ്ങിയ കർഷകരെ പ്രതിസന്ധിയിലാക്കും. കേന്ദ്രം പ്രഖ്യാപിച്ച 23.20 രൂപയ്‌ക്ക് പുറമേ ആറ് രൂപ 80 പൈസ അധികം നൽകി 30 രൂപയ്‌ക്കാണ് സംസ്ഥാന സർക്കാർ നെല്ല് സംഭരിക്കുന്നത്. നെൽകർഷകർക്ക് സംസ്ഥാന സർക്കാർ അധികതുക അനുവദിക്കരുതെന്ന് കേന്ദ്രം സംസ്ഥാന സർക്കാരിനോട് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. എന്നാൽ നെൽ കർഷകർക്ക് അധികബോണസ് നൽകുന്നത് തുടരുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ട്. കിഴിവിന്റെ പേരിൽ മില്ലുടമകളുടെ ചൂഷണം ഗുണനിലവാരമുള്ള നെല്ലിനുപോലും ക്വിന്റലിന് നാലു മുതൽ 20 കിലോവരെ നെല്ല് കിഴിവ് ആവശ്യപ്പെടുന്നതായാണ് കർഷകർ പറയുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായ അമിത ചൂടുമൂലം പല പാടശേഖരങ്ങളിലും വിളവിൽ കുറവുണ്ടായിട്ടുണ്ട്. ഇതിനു പുറമെ മില്ലുകാർ ആവശ്യപ്പെടുന്ന കിഴിവും നൽകിയാൽ വലിയ നഷ്ടമുണ്ടാകുമെന്ന് കർഷകർ പറയുന്നു. വേനൽ മഴ വന്നാൽ നെല്ല് മുളച്ചുപോകുമെന്നതാണ് കർഷകരെ വലയ്‌ക്കുന്നത്. കർഷകരുടെ ദുരവസ്ഥയെ സ്വകാര്യമില്ലുകാർ ചൂഷണം ചെയ്യുന്നതായും ആക്ഷേപമുണ്ട്.










0 comments