ad
Deshabhimani

വിദ്യാർഥി പ്രതിഷേധമിരമ്പി

നീറ്റ് യുജി

നീറ്റ്‌ പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച്‌ എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച്‌

വെബ് ഡെസ്ക്

Published on May 14, 2026, 01:55 AM | 1 min read

കോട്ടയം

ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ(നീറ്റ് യുജി)യുടെ ചോദ്യ പേപ്പർ ചോർച്ചയിലും അഴിമതിക്കുമെതിരെ ജില്ലയിൽ വിദ്യാർഥി പ്രതിഷേധമിരമ്പി. ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി തുലാസിലാക്കിയതിൽ പ്രതിഷേധിച്ച്‌ എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ നൂറുകണക്കിന് വിദ്യാർഥികൾ അണിനിരന്നു. പരീക്ഷാനടത്തിപ്പിലെ അനാസ്ഥ അവസാനിപ്പിക്കുക, ഉത്തരവാദികളെ അറസ്‌റ്റ്‌ചെയ്യുക, നാഷണൽ ടെസ്റ്റിങ്‌ ഏജൻസി പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. മോട്ടോർ തൊഴിലാളി യൂണിയൻ ഓഫീസിൽനിന്നാണ്‌ മാർച്ച്‌ ആരംഭിച്ചത്‌. പോസ്റ്റ്‌ ഓഫീസിലേക്ക്‌ എത്തുംമുമ്പേ ബാരിക്കേഡുവച്ച്‌ പൊലീസ്‌ മാർച്ച്‌ തടഞ്ഞു. മുന്നോട്ട് നീങ്ങിയ പ്രവർത്തകരെ പൊലീസ്‌ മർദിച്ചു. വിദ്യാർഥിനികൾ ഉൾപ്പെടെയുള്ള പ്രവർത്തകരെ പുരുഷ പൊലീസ് പിടിച്ചുവച്ചത് പ്രതിഷേധത്തിന് ഇടയാക്കി. ഇവരെ റോഡിലൂടെ വലിച്ചിഴച്ചു. പൊലീസുമായുണ്ടായ ഉന്തിലും തള്ളിലും നിരവധി പ്രവർത്തകർക്ക്‌ പരിക്കേറ്റു. പോസ്റ്റ് ഓഫീസ്‌ കോന്പ‍ൗണ്ടിൽ പ്രവേശിച്ച പ്രവർത്തകർ പ്രവേശന കവാടം ഉപരോധിച്ചു. എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ടോണി കുര്യാക്കോസ്, സംസ്ഥാന സെക്രട്ടറിയറ്റംഗം വൈഷ്ണവി ഷാജി ഉൾപ്പെടെ 16 പേരെ അറസ്റ്റ് ചെയ്‌തു. ഇവരെ റിമാൻഡിൽ വിട്ടു. ഉപരോധം എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ടോണി കുര്യാക്കോസ് ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ്‌ മുഹമ്മദ് അസ്‌ലം കാസിം അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയറ്റംഗം വൈഷ്ണവി ഷാജി, ജില്ലാ സെക്രട്ടറി രാഹുൽ രാജേന്ദ്രൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ആദിത്യ എസ്‌ നാഥ്‌, നിഖിത മനോജ്‌, ജില്ലാ സെക്രട്ടറിയറ്റംഗം വിഷ്‌ണു ഷാജി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home