വല്യന്നം എഴുന്നള്ളി
നീലംപേരൂർ പൂരംപടയണിക്ക് സമാപനം

ങ്ങനാശേരി നീലംപേരൂർ പൂരം പടയണിയിക്ക് ആവേശകരമായ സമാപനം. അവിട്ടം നാളിൽ ചൂട്ടുപടയണിയോടെ ആരംഭിച്ച പടയണി ചടങ്ങുകൾ പൂരം പടയണിയിൽ വല്യന്നം എഴുന്നള്ളിയതോടെയാണ് സമാപിച്ചത്. കല്യാണസൗഗന്ധികം തേടിപ്പോയ ഭീമസേനന്‍ ഗന്ധമാതനഗിരി പര്‍വതത്തില്‍ മാനസസരോവരത്തിൽ നീന്തുന്ന അരയന്നങ്ങളെ കാണുന്ന കാഴ്ചയാണ് പൂരം പടയണിയായി നീലംപേരൂരില്‍ പള്ളി ഭഗവതി ക്ഷേത്രത്തില്‍ അവതരിപ്പിച്ചത്. രാത്രി പത്തിന് ചേരമാന്‍ പെരുമാള്‍ കോവിലില്‍ പോയി അനുവാദം വാങ്ങിയ ശേഷമാണ് ചടങ്ങുകള്‍ തുടങ്ങിയത്. രണ്ട് വല്യന്നവും ഒരു ചെറിയ അന്നങ്ങളുമാണ് ഇത്തവണ പൂരത്തിന് എഴുന്നള്ളിയത്. ഇതോടൊപ്പം ദേവിയുടെ തിരുനടയില്‍ പുത്തന്‍ അന്നങ്ങളെയും കാഴ്ചവച്ചു. വ്യത്യസ്തമായ അളവുകളിലുള്ള അന്നങ്ങളെയാണ് ഭക്തരുടെ നേര്‍ച്ചയായി ദേവിയ്ക്ക് സമര്‍പ്പിച്ചത്. ആൽത്തറയിൽനിന്ന് ചൂട്ടുകറ്റകളുടെ പ്രഭയിലാണ് അന്നങ്ങൾ ദേവി തിരുനടയിലേക്ക് എഴുന്നള്ളിയത്. വലിയന്നങ്ങളും ചെറിയന്നങ്ങളും മറ്റു കോലങ്ങളും പടയണി കളത്തിൽ എത്തിയതിന് ശേഷം സിംഹം എഴുന്നള്ളിയതോടെ ഈ വർഷത്തെ പടയണി ചടങ്ങുകൾക്ക് സമാപനമായി. ഞായർ രാവിലെ മുതൽ ക്ഷേത്രത്തിൽ അന്നങ്ങളുടെ നിറപണികൾ ആരംഭിച്ചിരുന്നു. പ്രകൃതിയിലെ അഞ്ച് വർണങ്ങൾ കൊണ്ടാണ് അന്നങ്ങളെ ഒരുക്കുന്നത്. ചൂട്ടുവെളിച്ചത്തിൽ ചെത്തിപ്പൂവും വാഴപ്പോളയും താമരയിലയും ചേർത്താണ് കാഴ്ചയുടെ വിസ്മയം പൂരരാവിൽ ഭക്തർ തീർത്തത്. രാവിലെ ആറിന് നിറപണികൾ ആരംഭിച്ചു. ഒന്നിന് മഹാപ്രസാദമൂട്ട്, എട്ടിന് പുത്തനന്നാകളുടെ തേങ്ങാമുറിയ്ക്കൽ, പത്തിന് കുടംപൂജകളി, പത്തരയ്ക്ക് തോത്താകളി, പതിനൊന്നു മുതൽ പുത്തൻഅന്നങ്ങളുടെ തിരുനട സമർപ്പണം എന്നിവ നടന്നു.










0 comments