ad
Deshabhimani

കെ പി ഗോപാലകൃഷ്ണൻ നായർക്ക് 
നവലോകത്തിന്റെ ആദരം ​

ദേശീയ അവാർഡ് ജേതാവ് കെ പി ഗോപാലകൃഷ്ണൻ നായർക്ക് പൊൻകുന്നം വർക്കി സ്മാരക നവലോകം ട്രസ്റ്റിന്റെ സ്നേഹാദരം.

​കെ പി ഗോപാലകൃഷ്ണൻ നായർക്ക് നവലോകം ട്രസ്റ്റിന്റെ ഉപഹാരം വി എൻ വാസവൻ സമ്മാനിക്കുന്നു

വെബ് ഡെസ്ക്

Published on Jul 19, 2026, 02:10 AM | 1 min read

പാമ്പാടി

അടിയന്തരാവസ്ഥക്കാലം മുതൽ പാമ്പാടിയുടെ സാംസ്‌കാരിക-വിദ്യാഭ്യാസ മേഖലയിൽ നിറസാന്നിധ്യമായിരുന്ന ദേശീയ അവാർഡ് ജേതാവ് കെ പി ഗോപാലകൃഷ്ണൻ നായർക്ക് പൊൻകുന്നം വർക്കി സ്മാരക നവലോകം ട്രസ്റ്റിന്റെ സ്നേഹാദരം. പാമ്പാടിയിലെ വസതി ‘സുപ്രിയ'യിൽ നടന്ന ഹൃദ്യമായ സായന്തന സംഗമത്തിലാണ് സാംസ്‌കാരിക പ്രവർത്തകരും സുഹൃത്തുക്കളും അദ്ദേഹത്തെ ആദരിച്ചത്. ​നവലോകം പ്രസിഡന്റ് വി എൻ വാസവൻ കെ പി ഗോപാലകൃഷ്ണൻ നായരെ പൊന്നാടയണിയിച്ച് ഉപഹാരം കൈമാറി. 29 വർഷമായി നവലോകം വർക്കിങ്‌ പ്രസിഡന്റായ കെ പി ഗോപാലകൃഷ്ണൻ നായർ, ഒട്ടേറെ തിളക്കമാർന്ന നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്‌. 1992-ൽ കേന്ദ്ര പരിസ്ഥിതി വകുപ്പ് നടത്തിയ കവിതാ രചനയിൽ അഖിലേന്ത്യാ തലത്തിൽ പുരസ്കാരം നേടിയ അദ്ദേഹം, അന്നത്തെ കേന്ദ്ര പരിസ്ഥിതി മന്ത്രി കമൽനാഥിൽ നിന്നാണ് ആദരം ഏറ്റുവാങ്ങിയത്. ​35 വർഷത്തെ സേവനശേഷം പനമറ്റം ഗവ. ഹൈസ്‌കൂൾ പ്രധാനാധ്യാപകനായി വിരമിക്കുമ്പോൾ മികച്ച അധ്യാപകനുള്ള സംസ്ഥാന പുരസ്കാരവും നേടി. പാമ്പാടി സഹകരണ ബാങ്ക് പ്രസിഡന്റ്, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. നവലോകം പുറത്തിറക്കിയ ഡോ. സുകുമാർ അഴീക്കോടിന്റെ വരെ പ്രശംസ പിടിച്ചുപറ്റിയ സ്മരണികയുടെ കൺവീനറുമായിരുന്നു. നിലവിൽ വിശ്രമ ജീവിതത്തിലാണ്. ​നവലോകം വൈസ് പ്രസിഡന്റ് കോര മാത്യു അധ്യക്ഷനായി. ജനറൽ സെക്രട്ടറി പ്രൊഫ. രാജൻ ജോർജ് പണിക്കർ, കെ എം രാധാകൃഷ്ണൻ, ഇ എസ് സാബു, വി എം പ്രദീപ്, കെ എസ് ഗിരീഷ്, വർക്കി രാജൻ, പ്രൊഫ. അന്നമ്മ ജോർജ്, അജി, ഇ എസ് തുളസീദാസ്, കെ എസ് ജയൻ, അജിത്ത് ചന്ദ്രശേഖർ, അനിൽ നൈനാൻ എന്നിവർ സംസാരിച്ചു. കെ പി സാറിന്റെ ഭാര്യ പത്മിനി ദേവി ടീച്ചറും പങ്കെടുത്തു. ആർ അശോകൻ, അനിൽ, ലേഖ ചിദംബരൻ, ഇ ഒ മനോജ്, രാജു പാമ്പാടി, ഹരി എന്നിവരുടെ നേതൃത്വത്തിൽ സംഗീതാലാപനവും നടന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home