കരുത്തറിയിക്കാൻ ചമ്പക്കുളത്തേക്ക്

ഓളം വെട്ടിച്ച് ........ ശ്രീവിനായകൻ ചുണ്ടനിൽ കുമരകം ടൗൺ ബോട്ട് ക്ലബ് മുത്തേരിമടയിൽ പരിശീലന തുഴച്ചിൽ നടത്തുന്നു
കോട്ടയം പമ്പാനദിയുടെ കൈവഴിയായ ചമ്പക്കുളത്താറ്റിൽ 29ന് നടക്കുന്ന മൂലം വള്ളംകളിയിൽ കാണാം കോട്ടയത്തിന്റെ തുഴക്കരുത്തും. കുമരകം ടൗൺ ബോട്ട് ക്ലബ്, ഇമ്മാനുവൽ ബോട്ട് ക്ലബ് എന്നിവയാണ് മത്സരിക്കുന്നത്. ഇവർ ആഗസ്‌തിൽ നടക്കുന്ന നെഹ്‌റു ട്രോഫി വള്ളംകളിക്ക് വേണ്ടിയുള്ള ഒരുക്കങ്ങളും ആരംഭിച്ചു. നാനൂറ് വര്‍ഷത്തോളം പഴക്കമുള്ള ചമ്പക്കുളം ജലമേളയോടെയാണ് കേരളത്തിൽ വള്ളംകളി മേളകള്‍ക്ക് തുടക്കമാകുന്നത്. രാജപ്രമുഖൻ ട്രോഫി ഇത്തവണ ജില്ലയിലെത്തുമെന്ന പ്രതീക്ഷയിലാണ് വള്ളംകളി പ്രേമികൾ. നിലവിലെ ചാമ്പ്യൻമാർ ചെറുതന ബോട്ട് ക്ലബ് തുഴഞ്ഞ ചെറുതന പുത്തൻചുണ്ടനാണ്. മുത്തേരിമടയിൽ തയ്യാറെടുത്ത് ടൗൺ ക്ലബ് കുമരകം ടൗൺ ബോട്ട് ക്ലബ് മുത്തേരിമടയിൽ പരിശീലനമാരംഭിച്ചു. ജില്ലയുടെ പ്രതീക്ഷകൾ പേറി 95 തുഴക്കാരും അഞ്ച് അമരക്കാരും ഏഴ് താളക്കാരും തയ്യാറെടുക്കുകയാണ്. പരിശീലനം പ്രധാനമായും നെഹ്‌റു ട്രോഫി ലക്ഷ്യംവച്ചാണെങ്കിലും ചമ്പക്കുളത്തും ഇത്തവണ കരുത്തറിയിക്കാനാകുമെന്നാണ് ക്ലബ്ബിന്റെ പ്രതീക്ഷ. മൂലം വള്ളംകളിയിൽ ക്ലബ് തുഴയുക കരുവാറ്റ ശ്രീവിനായകൻ ചുണ്ടനായിരിക്കും. പരിശീലനത്തിന് സുനിൽ കൈനകരി നേതൃത്വം നൽകുന്നു. റെന്നി ഫിലിപ്പോസാണ് ക്യാപ്‌റ്റൻ. ഇമ്മാനുവൽ നടുവിലേപ്പറമ്പനിൽ നടുവിലേപ്പറന്പൻ ചുണ്ടനിലാണ് ഇമ്മാനുവൽ ബോട്ട് ക്ലബ് ചമ്പക്കുളത്ത് മത്സരത്തിനെത്തുന്നത്. മുൻവർഷത്തെ മികച്ച പ്രകടനത്തിന്റെ കരുത്തിൽ ഇത്തവണ ചന്പക്കുളത്ത് അത്ഭുതം സൃഷ്ടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ക്ലബ്. അജിൻ പുന്നത്തറപ്പുരയ്‌ക്കലാണ് ക്യാപ്‌റ്റൻ. ശേഷം നെഹ്‌റു ട്രോഫിയിൽ ആഗസ്‌തിൽ പുന്നമടക്കായലിൽ നടക്കുന്ന നെഹ്‌റു ട്രോഫി വള്ളംകളിക്ക് ജില്ലയിൽനിന്ന് കുമരകം ടൗൺ ബോട്ട് ക്ലബ്, കുമരകം ബോട്ട് ക്ലബ്, ഇമ്മാനുവൽ ബോട്ട് ക്ലബ്, നാട്ടകം ബോട്ട് ക്ലബ് എന്നിവയുണ്ടാകും. ചങ്ങനാശേരി ബോട്ട് ക്ലബ്ബും പങ്കെടുക്കാൻ ആലോചിക്കുന്നുണ്ട്. നെഹ്‌റു ട്രോഫ-ിയിൽ കുമരകം ടൗൺ ബോട്ട് ക്ലബ് കഴിഞ്ഞതവണ അഞ്ചാംസ്ഥാനവും ഇമ്മാനുവൽ ആറാംസ്ഥാനവും നേടിയിരുന്നു. "നിരണം പുണ്യാളൻ' എന്ന പുതിയ ചുണ്ടനിലായിരിക്കും ടൗൺ ബോട്ട് ക്ലബ് ഇത്തവണ നെഹ്‌റു ട്രോഫിക്കായി പുന്നമടയിലിറങ്ങുക. ഇമ്മാനുവൽ ആർപ്പൂക്കര ചുണ്ടനിലാണ് ഇറങ്ങുക. പരിശീലനം അടുത്തമാസം ആരംഭിക്കുമെന്ന് ക്ലബ് അധികൃതർ പറഞ്ഞു. 2016ൽ വേമ്പനാട്ട് ക്ലബ്ബാണ് അവസാനമായി കുമരകത്തിന്റെ മണ്ണിലേക്ക് നെഹ്‌റു ട്രോഫിയെത്തിച്ചത്.










0 comments