എംജി സർവകലാശാല കലോത്സവത്തിന് തിരുവല്ല ഒരുങ്ങി

തിരുവല്ല
കലയുടെ കേളികൊട്ടിന് തിരുവല്ല കാത്തിരിക്കുകയാണ്. 27ന് വൈകിട്ട് സാംസ്കാരിക ഘോഷയാത്രയോടെ തിരുവല്ലയിൽ ആരംഭിക്കുന്ന എം ജി സർവകലാശാല കലോത്സവത്തിന് വേണ്ടിയുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. മത്സരങ്ങൾക്കായി ഒരുക്കുന്ന വേദികളുടെ പേരുകൾ തീരുമാനിച്ചു. മല്ലപ്പള്ളിയിൽ വാഹനാപകടത്തെ തുടർന്ന് അവയവദാനം നടത്തിയ 9 മാസം പ്രായമുള്ള ആലിൻ ഷെറിൻ, മുണ്ടക്കൈ ചൂരൽമല, കേരളം, വി എസ് അച്യുതാനന്ദൻ, ഭാവന, ലൈഫ്, ഷാജി എൻ കരുൺ, എം ടി വാസുദേവൻ, എം കെ സാനു എന്നിവരുടെ നാമധേയങ്ങളിലാണ് 9 വേദികൾ തയ്യാറാകുന്നത്. ഒന്നാം വേദി തിരുവല്ല പബ്ലിക് സ്സേഡിയത്തിൽ കേരളം എന്ന പേരിലാണ്. ഇതിനായി ഇവിടെ കൂറ്റൻ പന്തൽ ഒരുങ്ങി കഴിഞ്ഞു. തിരുവല്ല മുനിസിപ്പൽ മൈതാനിയിലാണ് സമാനമായ വിസ്തൃതിയിൽ ഉയർന്ന രണ്ടാം വേദി. ഇതിനാണ് ആലിൻ ഷെറിന്റെ പേര് നൽകിയത്. മൂന്നാം വേദി തിരുവല്ല മാർത്തോമാ കോളേജ് ഓഡിറ്റോറിയം മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പേരിലാണ്. തിരുവല്ല ടൈറ്റസ് ബി എഡ് കോളേജ് ഓഡിറ്റോറിയത്തിലെ നാലാം വേദിക്ക് മുണ്ടക്കൈ ചൂരൽമലയെന്ന പേരാണ്. ഭാവന എന്ന പേരാണ് മാർത്തോമാ കോളേജ് സെമിനാർ ഹാളിലെ അഞ്ചാം വേദിക്ക്. ആറാം വേദിക്ക് സർക്കാരിന്റെ ഭവന പദ്ധതിയായ ലൈഫ് എന്ന പേരും ഏഴാം വേദിക്ക് സംവിധായകൻ ഷാജി എൻ കരുണിന്റെ പേരും നൽകി. സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ പേര് എട്ടാം വേദിക്കും പ്രൊഫ. എം കെ സാനുവിന്റെ പേരിൽ ഒമ്പതാം വേദിയും അറിയപ്പെടും.










0 comments