മന്ത്രിയോട് പരാതി പറയാൻ കെെക്കുഞ്ഞുമായി എത്തിയ വീട്ടമ്മയെ തടഞ്ഞു

ഈരാറ്റുപേട്ട സ്വദേശി അലി ഫാത്തിമ
ഗാന്ധിനഗർ
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സാ സംവിധാനങ്ങളിലെ അപര്യാപ്തതകൾ നേരിട്ട് ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താൻ എത്തിയ രോഗിയുടെ ബന്ധുവിനെ അധികൃതർ ബോധപൂർവം തടഞ്ഞു. ഈരാറ്റുപേട്ട സ്വദേശി അലി ഫാത്തിമയാണ് പരാതിയുമായി രംഗത്തെത്തിയത്. ‘മരുന്നിനായി മണിക്കൂറുകളോളം കാത്തുനിൽക്കണം വലിയ തുക വേണ്ടിവരുന്ന മരുന്നുകൾ ഇല്ലെന്ന് സീൽചെയ്യും. ഒടുവിൽ 50 രൂപക്ക് താഴെ വിലവരുന്ന മരുന്ന് നൽകും. ചികിത്സയ്‌ക്കായ് ചെലവ് കൂടിയ മരുന്നുകൾ ഭീമമായ തുക കൊടുത്ത് പുറത്തുനിന്ന് വാങ്ങേണ്ട അവസ്ഥയാണ്. വാർഡിൽ കറണ്ടില്ല, വെള്ളമില്ല, ശുചിമുറിയിൽ പോകാനാവില്ല. സർക്കാർ ആശുപത്രിയാണ് പക്ഷേ കുടിവെള്ളംപോലും പുറത്തുനിന്ന് വാങ്ങണം’ വീട്ടമ്മ പറഞ്ഞു. വൃക്കരോഗത്തെ തുടർന്ന് നെഫ്രോളജി വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന ഉമ്മ റംലബീവിയെ പരിചരിക്കാനായി ഒരു മാസത്തിലേറെയായി ആശുപത്രിയിൽ കഴിയുകയാണ് അലിഫാത്തിമ. ആഴ്ചയിൽ മൂന്ന് തവണ ഡയാലിസിസ് നടത്തേണ്ട സാഹചര്യമാണ്. ആശുപത്രിയിൽ രോഗികൾക്ക് ആവശ്യമായ ടെഗാഡേം, ഓൺ കോൾ പ്ലഗ് തുടങ്ങിയ അവശ്യവസ്തുക്കൾ, ഫ്ലൂയിഡ് പോലുള്ള മരുന്നുകളും ലഭ്യമല്ല. ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലൂടെ മരുന്നുകൾ സ്റ്റോക്കില്ലെന്ന് അറിയിക്കുമ്പോൾ, അതേ മരുന്നുസെപ് ഇൻഷുറൻസ് പദ്ധതിയിലുള്ളവർക്ക് വിതരണം ചെയ്യുന്നുവെന്ന ഗുരുതര ആരോപണവും അവർ പറഞ്ഞു. ആരോഗ്യമന്ത്രിയെ നേരിൽക്കണ്ട് പരാതി അറിയിക്കുന്നതിനായി കൈക്കുഞ്ഞുമായി സൂപ്രണ്ടിന്റെ ഓഫീസിന് മുന്നിൽ കാത്തുനിന്ന അലി ഫാത്തിമയെ, പരാതി പരിഹരിക്കാമെന്നുപറഞ്ഞ് ഉദ്യോഗസ്ഥ ഓഫീസിലേക്ക് വിളിച്ചുകൊണ്ടുപോയി ഇൻഷുറൻസ് രേഖകൾ വാങ്ങിവച്ചു. ഏറെ നേരം കാത്തിരുന്നിട്ടും നടപടിയൊന്നും ഉണ്ടായില്ല. തുടർന്ന് രേഖകൾ തിരികെവാങ്ങി മന്ത്രിയെ കാണാനെത്തിയപ്പോഴും അധികൃതർ തടഞ്ഞുനിർത്തിയെന്നും മന്ത്രി മടങ്ങിയ ശേഷമാണ് വിട്ടയച്ചതെന്നും ഇവർ പറഞ്ഞു.










0 comments