കോട്ടയം മെഡിക്കൽ കോളേജിൽ അപൂർവ ശസ്ത്രക്രിയ

കോട്ടയം
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ അപൂർവ ഹൃദയ ശസ്ത്രക്രിയ വിജയകരം. രോഗിയുടെ ശരീരതാപനില 18 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ത്തിയ ശേഷമായിരുന്നു ശാസ്ത്രക്രിയ. മഹാധമനിക്ക് കീറൽ ഉണ്ടായ രോഗി കെ സി രാജുവിനെയാണ് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. കാർഡിയോവാസ്കുലർ ആൻഡ് തൊറാസിക് സർജറി വിഭാഗം മേധാവി ഡോ. ടി കെ ജയകുമാറിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ഈ ചരിത്രനേട്ടം കൈവരിച്ചത്. ലോകത്തെ പ്രമുഖ അത്യാധുനിക മെഡിക്കൽ സെന്ററുകളിൽ മാത്രം കണ്ടുവരുന്ന ‘ഡീപ് ഹൈപ്പോതെർമിക് സർക്കുലേറ്ററി അറസ്റ്റ് എന്ന അത്യാധുനിക സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിച്ചത്. ശരീരത്തിലെ പ്രധാനധമനിയായ അയോർട്ടയിലെ തകരാറുകൾ പരിഹരിക്കാൻ രക്തസ്രാവമില്ലാത്ത, പൂർണമായും നിശ്ചലമായ സാഹചര്യം ആവശ്യമായതിനാലാണ് ഈ രീതി അവലംബിച്ചത്. ഹാർട്ട്-ലങ് മെഷീന്റെ സഹായത്തോടെ രോഗികളുടെ ശരീര താപനില സാധാരണ നിലയായ 37ഡിഗ്രി സെൽഷ്യസിൽനിന്ന് 18 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ത്തിയാണ് ശസ്ത്രക്രിയ നടത്തിയത്. ഈ അവസ്ഥയിൽ ശരീരകോശങ്ങളുടെ പ്രവർത്തനവും തലച്ചോറിന്റെ ഓക്സിജൻ ആവശ്യകതയും പതിന്മടങ്ങ് കുറയുന്നു. തൽഫലമായി തലച്ചോറിനോ മറ്റ് അവയവങ്ങൾക്കോ ഒരു കേടുപാടുകളും കൂടാതെ ശരീരത്തിലെ രക്തയോട്ടവും ഹാർട്ട്-ലങ് മെഷീന്റെ പ്രവർത്തനവും 30മുതൽ 45മിനിറ്റ് വരെ പൂർണമായി നിർത്തിവയ്‌ക്കാൻ ഡോക്ടർമാർക്ക് സാധിച്ചു. നിശ്ചിത സമയത്തിനുള്ളിൽ ഹൃദയത്തിലെ അതീവ സങ്കീർണ്ണമായ തകരാറുകൾ പരിഹരിച്ചശേഷം, രക്തയോട്ടം പുനഃസ്ഥാപിക്കുകയും ശരീര താപനില പടിപടിയായി സാധാരണനിലയിലേക്ക് എത്തിക്കുകയുമാണ്. സ്വകാര്യ ആശുപത്രികളിൽ 40ലക്ഷത്തിലധികം രൂപ ചെലവുവരുന്ന ശസ്ത്രക്രിയയ്ക്ക് ഇവിടെ രണ്ടുലക്ഷത്തോളം രൂപയാണ് വേണ്ടിവന്നത്.










0 comments