ഭീഷണി ഉയർത്തി കൊടുംവളവുകൾ

പി ബി തമ്പി
Published on Jan 13, 2026, 01:46 AM | 1 min read
കൂത്താട്ടുകുളം മുതൽ പട്ടിത്താനം വരെ നിരവധി കൊടുംവളവുകളാണ് എംസി റോഡിലുള്ളത്. റോഡ് ഉന്നതനിലവാരത്തിൽ പണിതെങ്കിലും വളവുകൾ അപകടകരമാണ്. തിങ്കൾ രാവിലെ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടം നാടിനെ നടക്കുന്നതായിരുന്നു. ഏഴ് വയസുകാരനും ദമ്പതികളുമടക്കം മൂന്നുപേരാണ് അപകടത്തിൽ മരിച്ചത്. അച്ചിക്കൽ ജങ്‌ഷനിൽനിന്ന് വന്ന കാർ ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം സ്കൂളിന് മുൻവശത്താണ് അപകടത്തിൽപ്പെട്ടത്. 100 മീറ്റർ അകലത്തിൽ വലിയ വളവുകളുണ്ട് ഇവിടെ. എതിരെ വന്ന ബസ് കണ്ണിൽപ്പെടുന്നതിന് മുമ്പ് കാർ അടുത്തെത്തിയതായി കരുതുന്നു. നടുക്കുന്ന ശബ്ദത്തിൽ ഇരുവാഹനങ്ങളും കൂട്ടിയിടിച്ചു. കാറിന്റെ മുൻവശം ബസിന്റെ അടിയിലേക്ക് കയറിപ്പോയി. നാട്ടുകാർ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാറിൽനിന്ന് പുറത്തെടുക്കുമ്പോൾ, മരിച്ച മൂന്നുപേർക്കും ജീവന്റെ നേരിയ തുടിപ്പുണ്ടായിരുന്നു. എന്നാൽ ഇത് അധികനേരം നീണ്ടുനിന്നില്ല. ഒക്ടോബർ 27 ന് പുലർച്ചെ വിനോദയാത്ര കഴിഞ്ഞ് തിരികെ കണ്ണൂർക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസ് വഴിയോരത്തെ തേക്ക് മരത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ തലശ്ശേരി സ്വദേശിനി സിന്ധു പ്രബീഷ് മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. അപകടമൊഴിവാക്കാൻ വളവുകൾ നിവർത്തണമെന്ന ആവശ്യം ഉയരുന്നുണ്ട്. കടുത്തുരുത്തി നിയോജകമണ്ഡലത്തിലൂടെയാണ് ഈ ഭാഗത്തെ എംസി റോഡ് കടന്നുപോകുന്നത്.










0 comments