കല്ലറയിൽ വൻ കൃഷിനാശം

കല്ലറ പഞ്ചായത്തിൽ മടവീണ് പാടശേഖരങ്ങളിലെ നെൽകൃഷി മുങ്ങിയപ്പോൾ
തലയോലപ്പറമ്പ്
കല്ലറ പഞ്ചായത്തിലെ വിവിധ വാർഡുകളിലായി 1, 600 ഏക്കർ നെൽകൃഷി നശിച്ചു. ബണ്ടുകൾ തകർന്നും പുറംബണ്ടുകൾ കവിഞ്ഞൊഴുകിയും വർഷകൃഷി അപ്പാടെ മുങ്ങി. തട്ടാപറമ്പ് തെക്ക്, പറമ്പൻ കരി, മുണ്ടാർ പുലയ കോളനി, പറമ്പൻ, കങ്ങഴ, ജോണി ബ്ലോക്ക്, തട്ടാപറമ്പ് പടിഞ്ഞാറ്, കിണറ്റുകര, പടിഞ്ഞാറേപ്പുറം, വട്ടമറ്റം, തട്ടാപറമ്പ് പടിഞ്ഞാറ്, പോത്തൻമ്യാലി, അടിമത്രക്കരി, മുതിരക്കാല, കോലത്തുകരി, വലിയകരി പാടശേഖരങ്ങളിലെ 30 ദിവസത്തിനടുത്ത് പ്രായമായ നെൽകൃഷിയാണ് നശിച്ചത്. കർഷകർക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ഇനി വെള്ളം പമ്പ് ചെയ്ത് നിലമൊരുക്കി പുതിയ കൃഷി ചെയ്യേണ്ട സ്ഥിതിയാണ്. അതിനായി കുറഞ്ഞത് ഒന്നരമാസമെങ്കിലും വേണം. ഇതിനാവശ്യമായ പണം കണ്ടെത്താനും ബുദ്ധിമുട്ടും. മട വീഴാതിരിക്കാൻ കർഷകരും പ്രദേശവാസികളും കഠിന പരിശ്രമം നടത്തിയെങ്കിലും വിഫലമായി. കൃഷിമന്ത്രിയും ഉദ്യോഗസ്ഥരും കർഷകർക്കുണ്ടായ യഥാർഥ നഷ്ടം തിട്ടപ്പെടുത്തി അടിയന്തര ധനസഹായം ലഭ്യമാക്കുന്നതിന് ആവശ്യമായ ഇടപെടൽ നടത്തണമെന്ന് സിപിഐ എം കല്ലറ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.










0 comments