Deshabhimani

കൂലിക്കായി പോരാടിയ 
മണൽവാരൽ തൊഴിലാളികൾ

manal
വെബ് ഡെസ്ക്

Published on Oct 29, 2026, 02:32 AM | 1 min read

കോട്ടയം നിർമാണ മേഖലയുടെ വളർച്ചയ്ക്ക് പിന്നിൽ വിയർപ്പൊഴുക്കിയ മണൽവാരൽ തൊഴിലാളികളുടെ ചരിത്രം അതികഠിനമായ അധ്വാനത്തിന്റെ കഥയാണ്‌. ആയിരക്കണക്കിന്‌ തൊഴിലാളി വൃന്ദമുണ്ടായിരുന്ന കരുത്തുറ്റ സംഘടന. വെള്ളൂർ, മറവൻതുരുത്ത്‌, ഉദയനാപുരം, മുളക്കുളം, ആമ്പല്ലൂ‍ർ പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. മണൽ വാരുക മാത്രമല്ല, വള്ളത്തിൽ കൊണ്ടുവന്ന് ഇറക്കുക, കയറ്റിവിടുക തുടങ്ങിയ ജോലികളും ചേർന്നതായിരുന്നു തൊഴിലാളി മേഖല. തൊഴിലാളികൾ ഏറെയുള്ളതുകൊണ്ട്‌ തന്നെ 1980കളിൽ ‘വൈക്കം താലൂക്ക് മണൽ വ്യവസായ തൊഴിലാളി യൂണിയൻ' രൂപീകൃതമായി. ഏറ്റവും കഷ്ടപ്പാട് നിറഞ്ഞ തൊഴിലുകളിലൊന്നായിരുന്നു പരമ്പരാഗത രീതിയിലുള്ള മണൽവാരൽ. പുഴയുടെ നടുവിൽ കുറ്റി താഴ്‌ത്തി വള്ളം കെട്ടിനിർത്തി, അടിത്തട്ടിൽ പോയി ശ്വാസമടക്കിപടിച്ച്‌ മണൽ വാരിയെടുക്കുന്നതായിരുന്നു അന്നത്തെ രീതി (കുറ്റി വാരൽ). പുഴയുടെ അടിത്തട്ടിൽ നിന്നും മണൽ വാരി, ആ കുറ്റിയിലൂടെ മുകളിലേക്ക് കയറി വന്ന് വള്ളത്തിൽ നിക്ഷേപിക്കുന്ന ഈ തൊഴിൽ അതികഠിനമായിരുന്നു. കാലക്രമേണ വലകൾ ഉപയോഗിച്ചുള്ള വാരൽ രീതിയും (കൊല്ലി വാരൽ) നിലവിൽ വന്നു. രണ്ട്‌ രീതികളിലും പ്രവർത്തിക്കുന്നത്‌ സംബന്ധിച്ച്‌ തൊഴിലാളികൾക്കിടയിൽ അഭിപ്രായ വിത്യാസങ്ങളുണ്ടായെങ്കിലും ക‍ൂട്ടി യോജിപ്പിച്ച്‌ കെണ്ടുപോകാൻ സംഘടനയ്‌ക്കായി. ഇതിനിടെ അവകാശങ്ങൾ നേടിയെടുക്കുന്നതിൽ ശക്തമായ സമരങ്ങളും ഉയർന്നുവന്നു. വെള്ളൂർ, മുളക്കുളം പഞ്ചായത്തുകളായിരുന്നു സംഘടനയുടെ ശക്തി കേന്ദ്രം. ഇവിടങ്ങളിലാണ്‌ പഞ്ചായത്ത്‌ കടവുകൾ നിയമപരമായി അനുവദിച്ചതും. തൊഴിലാളികളുടെ കൂലി വർധന, തൊഴിൽ സംരക്ഷണം, മറ്റ്‌ ആനുകുല്യങ്ങൾ നേടുന്നതിനും നിരവധി പ്രക്ഷോഭങ്ങൾ നടന്നു. വൈക്കം താലൂക്ക് സമരവും കലക്ടറേറ്റിന്‌ മുന്നിൽ പല തവണകളായി നടത്തിയ മാർച്ചുമെല്ലാം പ്രധാനപ്പെട്ടവയാണ്‌. ടി ഐ ചെല്ലപ്പൻ, സി ആർ പ്രസന്നകുമാർ, കെ എസ്‌ ഗോപാലൻ തുടങ്ങിയവരായിരുന്നു പ്രധാന നേതാക്കൾ. നിയമപരമായി പല നിയന്ത്രണങ്ങളും പിന്നീട് വന്നെങ്കിലും തൊഴിലാളികൾ അവരുടെ ജീവിതോപാധിക്കായി നടത്തിയ പോരാട്ടങ്ങൾ കേരള ചരിത്രത്തിലെ അവിസ്മരണീയമായ ഏടുകളാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home