നല്ലോണമുണ്ണാം വാഴയിലയിൽ

കോട്ടയം നഗരത്തിൽ വിൽപ്പനക്ക് എത്തിച്ച വാഴയിലകൾ
സ്വന്തം ലേഖിക
കോട്ടയം
തൂശനില മുറിച്ചുവച്ച് തൂമ്പപ്പൂ ചോറുവിളമ്പാനുള്ള ഒരുക്കത്തിലാണ് മലയാളികൾ. ഓണം പിറന്നാലും ഉണ്ണി പിറന്നാലും സദ്യ നിർബന്ധമാണ്. വിഭവങ്ങൾ കുറവോ കൂടുതലോ ആയാലും സദ്യ വാഴയിലയിൽ തന്നെ വേണം. ചൂട് ചോറിനൊപ്പം വിഭവ സമൃദ്ധമായ കറികൾ മാത്രമല്ല വാഴയിലയുടെ സ്വാദും ചേരുന്നതോടെ സദ്യ കുശാൽ. ഓണം അടുത്തതോടെ ഇല വിപണിയിലും തിരക്കോട് തിരക്ക്. തിരുനക്കരയിലും ഓണത്തെ വരവേറ്റ് സദ്യക്കുള്ള ഇലയുടെ വിൽപ്പന തുടങ്ങി. പതിവ് പോലെ തേനി, കമ്പം, മേട്ടുപ്പാളയം തുടങ്ങിയ തമിഴ്നാട് മേഖലകളിൽനിന്നാണ് ഓണമുണ്ണാൻ ഇലകൾ എത്തുന്നത്. ഹോട്ടലുകൾ, കാറ്ററിങ്, ഇവന്റ് മാനേജ്മെന്റുകാരും ഇലയുടെ ആവശ്യക്കാരാണ്. ഓണത്തിന് പുറമെ കല്യാണ സീസൺ കൂടി ആയതോടെ ഇലയുടെ ആവശ്യം കൂടി. ഒരു ഇലയ്‌ക്ക് 3 മുതൽ 4 രൂപവരെയാണ് വില. എറണാകുളം, ആലപ്പുഴ, ചേർത്തല എന്നിവിടങ്ങളിലേക്കും ഇവിടെ നിന്നും ഇല എത്തിക്കുന്നുണ്ട്. പ്ലാസ്റ്റിക് ഇലകളും മറ്റും വിപണിയിൽ ലഭ്യമാണെങ്കിലും വാഴയിലയ്ക്കാണ് ഇപ്പോഴും ഡിമാൻഡ്. നാടൻ ഇലയ്‌ക്കും ആവശ്യക്കാർ ഏറെയാണ്. സ്ഥാപനങ്ങളിലും ഓണാഘോഷങ്ങൾ തുടങ്ങിയതോടെ കഴിഞ്ഞ വർഷത്തേക്കാൾ കച്ചവടം തകൃതിയാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.









0 comments