ഡോക്ടറുടെ മുൻകൂർ ജാമ്യം: പൊലീസിന്റെ മറുപടിതേടി

ഡോക്ടറെ അക്രമിച്ചെന്ന കേസിൽ അറസ്റ്റിലായ നടി അതുല്യ ചന്ദ്ര, ബിബിൻ പെരുമ്പള്ളി, കെ ബി വിഷ്ണു എന്നിവരെ പൊന്നുരുന്നിയിലെ ഫ്ലാറ്റിൽ തെളിവെടുപ്പിനെത്തിച്ചപ്പോൾ
കൊച്ചി ലൈംഗിക പീഡന പരാതിയിൽ കേസെടുത്തതിനെ തുടർന്ന് ഒളിവിൽപ്പോയ ഡോ. ജോൺസൺ കെ വർഗീസിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ എറണാകുളം ജില്ലാ സെഷൻസ് കോടതി പൊലീസിന്റെ മറുപടിതേടി. നടി അതുല്യ ചന്ദ്രയ്ക്കും മറ്റു രണ്ടുപേർക്കുമെതിരെ ഡോക്ടർ നൽകിയ ബ്ലാക്ക്‌മെയിൽ പരാതിക്ക് പിന്നാലെയാണ് അന്പതുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ജോൺസണെതിരെ കേസെടുത്തത്. പൊലീസിനോട് എതിർസത്യവാങ്മൂലം നൽകാൻ കോടതി നിർദേശിക്കുകയും ഹർജി ഈ ആഴ്ചതന്നെ പരിഗണിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു. അതുല്യയുടെ ബന്ധുവായ അന്പതുകാരിയാണ് ഡോക്ടർ മദ്യംനൽകി പീഡിപ്പിച്ചെന്ന് പരാതി നൽകിയത്. ഇൻഫോപാർക്ക് പൊലീസ് കേസെടുത്തതോടെ ഡോ. ജോൺസൺ കെ വർഗീസ് ഒളിവിലാണ്. ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. ബ്ലാക്ക്‌മെയിൽ കേസിൽ കസ്റ്റഡിയിൽ വാങ്ങിയ മൂന്ന് പ്രതികളെയും തെളിവെടുപ്പിനായി പൊലീസ് ചൊവ്വാഴ്ച എറണാകുളം പൊന്നുരുന്നിയിലെ ഫ്ലാറ്റിലെത്തിച്ചു. നടി അതുല്യ ചന്ദ്ര (32), നടൻ ബിബിൻ പെരുമ്പിള്ളി (42), കെ ബി വിഷ്ണു (31) എന്നിവരെയാണ് ഫ്ലാറ്റിലെത്തിച്ചത്. ബന്ധുവായ അന്പതുകാരിക്ക് സുഖമില്ലെന്നും അടിയന്തര ചികിത്സ വേണമെന്നും ആവശ്യപ്പെട്ട് വിളിച്ചുവരുത്തി മർദിച്ചെന്നും ബന്ധുവിനെ പീഡിപ്പിച്ചത് പുറത്തുപറയാതിരിക്കാൻ മൂന്നുകോടി രൂപ ആവശ്യപ്പെട്ടെന്നുമുള്ള ഡോ. ജോൺസൺ കെ വർഗീസിന്റെ പരാതിയിലാണ് നടിയുൾപ്പെടെ മൂന്നുപേരെ പൊലീസ് പിടികൂടിയത്. കസ്റ്റഡി കാലാവധി കഴിഞ്ഞതോടെ പ്രതികളെ വീണ്ടും റിമാൻഡ് ചെയ്തു. അതുല്യ ചന്ദ്രയെ കാക്കനാട് വനിതാ ജയിലിലും മറ്റു രണ്ട് പ്രതികളെ സബ് ജയിലിലുമാണ് റിമാൻഡ് ചെയ്തത്.








0 comments