ad
Deshabhimani

തകർക്കല്ലേ ‘ലൈഫ്‌ ’

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 24, 2026, 12:21 AM | 1 min read

കോട്ടയം വീടെന്ന സാധാരണക്കാരന്റെ സ്വപ്‌നം യാഥാർഥ്യമാക്കിയ ലൈഫ്‌ പദ്ധതി അട്ടിമറിക്കാനുള്ള യുഡിഎഫ്‌ സർക്കാരിന്റെ നീക്കങ്ങൾ ജില്ലയിലെ ഗുണഭോക്താക്കളെ ആശങ്കയിലാക്കുന്നു. എൽഡിഎഫ്‌ സർക്കാരിന്റെ അഭിമാനമായ പദ്ധതിവഴി വിവിധ തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് അനുമതി ലഭിച്ച്, വീടുപണി വിവിധ ഘട്ടങ്ങളിലെത്തി നിൽക്കുന്ന 5,831 കുടുംബങ്ങളാണ്‌ പ്രതിസന്ധിയിലാകുന്നത്‌. പദ്ധതി പൂർണമായി നിർത്തലാക്കി ഉത്തരവാദിത്വത്തിൽനിന്ന് പിന്മാറാനാണ്‌ സർക്കാർ ശ്രമം. ജില്ലയിൽനിന്ന്‌ ഇതുവരെ 27,006 പേരാണ്‌ ഭവനനിർമാണ കരാറിലേർപ്പെട്ടത്‌. അതിൽ 21,175 കുടുംബങ്ങൾക്ക്‌ വീടും ലഭിച്ചു. പദ്ധതിയില്ലാതായാൽ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലെത്തി നിൽക്കുന്നവർക്ക്‌ അടുത്ത ഗഡുക്കൾ കൃത്യസമയത്ത് ലഭ്യമാകാതെ പാതിവഴിയിൽ സ്തംഭിക്കുമോ എന്ന ഭീതിയിലാണവർ. ഭവന നിർമാണത്തിന്റെ മുഴുവൻ ചുമതലയും തദ്ദേശസ്ഥാപനങ്ങൾക്ക് മാത്രം നൽകാനാണ് നിലവിലെ ശ്രമം. പുതിയ സംവിധാനമായാൽ ഗുണഭോക്താക്കളെ കണ്ടെത്തുന്നതും അവർക്കുള്ള തുക ധനസഹായമായി സമാഹരിക്കുന്നതും പഞ്ചായത്തുകളുടെയും നഗരസഭകളുടെയും മാത്രം ഉത്തരവാദിത്വമായി മാറും. സംസ്ഥാന സർക്കാരിന്റെ കൃത്യമായ ഫണ്ടും കേന്ദ്രീകൃത മേൽനോട്ടവും ഇല്ലാതായാൽ ജില്ലയിലെ ഭവന പദ്ധതികൾ പൂർണമായി നിലയ്‌ക്കുമോയെന്ന ഭീതിയും ഗുണഭോക്താക്കൾക്കുണ്ട്‌. അന്തിമ ഗുണഭോക്തൃ പട്ടികയിൽ ഇടംപിടിച്ച് അനുമതിക്കായി കാത്തിരിക്കുന്ന മറ്റ് അപേക്ഷകരുടെ പ്രതീക്ഷകളും വഴിമുട്ടി. എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ ഏറ്റവും അർഹരായവർക്ക്‌ മുൻഗണന നൽകിയാണ്‌ വീടുകൾ അനുവദിച്ചത്‌. ഒമ്പത് മണ്ഡലങ്ങളിലുമായി 950.93 കോടിയിലധികം രൂപ സർക്കാർ ചെലവഴിച്ചു. സർക്കാർ ഫണ്ടിന്‌ പുറമെ പദ്ധതിയുടെ നടത്തിപ്പിനായി എൽഡിഎഫ്‌ ഭരിച്ചിരുന്ന ജില്ലാ പഞ്ചായത്ത്‌ 95 കോടിയിലധികം രൂപയും പദ്ധതിക്കായി അനുവദിച്ചിരുന്നു. ഭരണമാറ്റത്തിന്റെ പേരിൽ പാവപ്പെട്ടവരുടെ തല ചായ്ക്കാനുള്ള അവകാശത്തിന്മേൽ സർക്കാർ നടത്തുന്ന നീക്കങ്ങൾ സാധാരണക്കാരന്റെ ഭാവിയാണ്‌ അനിശ്ചിതത്വത്തിലാക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home