തെളിച്ചെടുത്ത പുഴയിലൂടെ സ്‌നേഹപ്രയാണം

കോട്ടയം
തെളിച്ചെടുത്ത പുഴയിലൂടെ ജനഹൃദയൾ കീഴടക്കി ഒരു യാത്ര. കോടിമത ജെട്ടിയിൽനിന്ന് ചെങ്കൊടിയാൽ അലങ്കരിച്ച ബോട്ടിലേക്ക് എൽഡിഎഫ് സ്ഥാനാർഥി കെ അനിൽകുമാർ കയറുന്പോൾ സ്‌നേഹാരവുമായി ചുറ്റും പ്രവർത്തകർ. കൊടൂരാറ്റിലൂടെ ബോട്ട് മുന്നോട്ടുനീങ്ങവേ ആറ്റിൻകരയിൽ തങ്ങളുടെ പ്രിയ നേതാവിനെ കാത്തുനിന്നവരുടെ മുഖത്ത് തെളിനീർ പുഞ്ചിരി. സ്വീകരണ കേന്ദ്രങ്ങളിൽ കണിക്കൊന്ന പൂക്കളുമായി സ്‌ത്രീകളുടെയും കുട്ടികളുടെയും വരവേൽപ്പ്. ഏവരുടെയും മുഖത്ത് തെളിഞ്ഞത്, ചെളിയും പായലുമടിഞ്ഞ് അടഞ്ഞുപോയ പുഴയുടെ ആഴംകൂട്ടിയ ജനനേതാവിനോടുള്ള ഇഷ്‌ടം. "വെള്ളപ്പൊക്കമില്ലാത്ത കോട്ടയം, ജലവഴികൾ തെളിക്കുന്ന കോട്ടയം’ എന്ന സന്ദേശം ഉയർത്തിയായിരുന്നു കോട്ടയം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥിയുടെ ചൊവ്വാഴ്‌ചത്തെ ബോട്ട് പര്യടനം. രാവിലെ കോടിമത ജെട്ടിയിൽനിന്നായിരുന്നു തുടക്കം. നാടങ്കേരി ചിറ, പറയന്തറ ജെട്ടി, പണിക്കര് ജെട്ടി, പാറോച്ചാൽ എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി കാഞ്ഞിരം ജെട്ടിയിൽ സമാപിച്ചു. തെരഞ്ഞെടുപ്പ് പര്യടനത്തിനപ്പുറം പ്രളയരഹിത കോട്ടയത്തിനായുള്ള സാർഥകമായ ചുവടുവയ്‌പ്പായിരുന്നു. കെ അനിൽകുമാർ നേതൃത്വം നൽകുന്ന മീനച്ചിലാർ– മീനന്തറയാർ–കൊടൂരാർ പുനർ സംയോജന പദ്ധതിയിലൂടെ 1,650 കിലോമീറ്റാണ് തെളിച്ചെടുത്തത്. അയ്യായിരം ഏക്കർ തരിശുനിലം കൃഷിയോഗ്യമാക്കി. മലരിക്കൽ ആമ്പൽ വസന്തത്തിന് ഉപയോഗിക്കുന്ന വള്ളങ്ങൾ മീനച്ചിലാറ്റിലും കൊടൂരാറ്റിലും ജലയാത്രക്കുപയോഗിക്കുവാനും ജലഗതാഗത റൂട്ട് വികസിപ്പിക്കാനുമാണ് ഉദ്ദേശിക്കുന്നത്. ജലവഴികൾ വികസിപ്പിക്കാനുള്ള സന്ദേശം ഉയർത്തിയാണ് പ്രചാരണം ബോട്ടിലാക്കിയത്. കോട്ടയത്തെ പ്രളയ ഭീഷണികളിൽനിന്ന് രക്ഷിക്കാനും ടൂറിസം സാധ്യതകളിലൂടെ വരുമാന വർധനയ്‌ക്കും പ്രയോജനപ്പെടുന്ന പഴുക്കാനില കായൽ തെളിക്കാനുള്ള പദ്ധതിക്ക് 103.72 കോടിയുടെ ടെൻഡറായെന്ന് സ്ഥാനാർഥി കെ അനിൽകുമാർ പറഞ്ഞു. പര്യടനം സിഐടിയു ജില്ലാ പ്രസിഡന്റ് റെജി സഖറിയ ഉദ്‌ഘാടനംചെയ്‌തു. എബി കുന്നേപ്പറന്പിൽ അധ്യക്ഷനായി. എൽഡിഎഫ് മണ്ഡലം സെക്രട്ടറി എം കെ പ്രഭാകരൻ, നേതാക്കളായ ബി ശശികുമാർ, ഫ്രാൻസിസ് തോമസ്, പോൾസൺ പീറ്റർ, രാജീവ് നെല്ലിക്കുന്നേൽ, ഷീജ അനിൽ, സി എൻ സത്യനേശൻ, പി ജെ വർഗീസ്, ടി എം രാജൻ, ജിതേഷ് ജെ ബാബു, ജിഷ ജോഷി, സുനിൽ എബ്രഹാം എന്നിവർ പര്യടനത്തിന് നേതൃത്വം നൽകി.










0 comments