ജോസ് കെ മാണിയുടെ വീടിന് കല്ലെറിഞ്ഞ് യുഡിഎഫുകാർ

പാലാ
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ, പാലായിലെ എൽഡിഎഫ് സ്ഥാനാർഥിയും കേരള കോൺഗ്രസ് എം ചെയർമാനുമായ ജോസ് കെ മാണിയുടെ വീടിനുനേരെ യുഡിഎഫ് ആക്രമണം. കുഴപ്പമുണ്ടാക്കാൻ തീരുമാനിച്ചുറച്ചാണ് പ്രവർത്തകർ തിങ്കൾ വൈകിട്ട് പാലായിലെ ജോസ് കെ മാണിയുടെ വീടിന് സമീപത്തേക്ക് വാഹനത്തിൽ പ്രകടനമായി എത്തിയത്. കടുത്തുരുത്തിയിൽ ജയിച്ച മോൻസ് ജോസഫിന്റെ നേതൃത്വത്തിൽ എത്തിയ സംഘമായിരുന്നു ഇവരുടെ മുൻനിരയിൽ. ഇവർ അസഭ്യം പറയുകയും പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്‌തു. പ്രവർത്തകർ ജോസ് കെ മാണിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ചു. പിന്നാലെ ഇവർ റോഡിൽനിന്ന് കല്ലും വടികളും വലിച്ചെറിഞ്ഞു. ഇതിനിടെ കൂടുതൽ പ്രവർത്തകർ ബൈക്കുകളിലെത്തി. വീടിനെയും പുറത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളെയുമാണ് കല്ലെറിഞ്ഞവർ ലക്ഷ്യമിട്ടത്. ഉന്നം തെറ്റിയതിനാൽ ആർക്കും പരിക്കേറ്റില്ല. അക്രമം ചോദ്യംചെയ്ത എൽഡിഎഫ് പ്രവർത്തകരെയും യുഡിഎഫ് പ്രവർത്തകർ ആക്രമിച്ചു. പാർടി ചെയർമാന്റെ വീടിന് നേരെ ആക്രമണം നടത്തിയത് പ്രതിഷേധാർഹമാണെന്ന് കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് പറഞ്ഞു. തെരഞ്ഞെടുപ്പിൽ ജയവും പരാജയവും സ്വാഭാവികമാണ്. ജനാധിപത്യത്തിന്റെ നഗ്നമായ ലംഘനമാണ് വിജയാഘോഷത്തിന്റെ പേരിൽ മോൻസ് ജോസഫും കൂട്ടരും നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.









0 comments