ഉണർവോടെ എൽഡിഎഫ്
വികസനത്തിന്റെ മാറ്റൊലി

തിരുവാർപ്പ് മേജർ കിളിരൂർ കുന്നിന്മേൽ ദേവീക്ഷേത്രത്തിലെ ഉത്സവത്തിനെത്തിയ ഏറ്റുമാനൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി എൻ വാസവന്റെ കൈപിടിച്ച് സ്നേഹമറിയിക്കുന്ന സ്ത്രീകൾ
ധനേഷ് ഓമനക്കുട്ടൻ
Published on Mar 25, 2026, 01:40 AM | 1 min read
ഏറ്റുമാനൂർ
തെരഞ്ഞെടുപ്പ് പ്രഖ്യാപനംമുതൽ പ്രചാരണരംഗത്ത് ലഭിച്ച മേൽക്കൈ; എണ്ണിയെണ്ണി വികസനം പറഞ്ഞുള്ള പ്രചാരണം – ഏറ്റുമാനൂരിന്റെ മനസിൽ വി എൻ വാസവന് പകരം ആരുമില്ല. അഞ്ചുവർഷം മണ്ഡലത്തിൽ നടപ്പിലാക്കിയ 4,200 കോടി രൂപയുടെ വികസനത്തിന്റെ പിൻബലമാണ് എൽഡിഎഫ് സ്ഥാനാർഥി വി എൻ വാസവനുള്ളത്. 2021ൽ വിജയിച്ചതിനുശേഷം മണ്ഡലത്തിൽ നടത്തിയ വികസനശില്പശാലയിൽ ഉയർന്ന നിർദേശങ്ങൾ ഓരോന്നായി നടപ്പാക്കുകയും അത് പ്രോഗ്രസ് കാർഡായി ജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കുകയുമായിരുന്നു വാസവൻ. ആദ്യദിനം ആവേശകരമായ റോഡ് ഷോയിലൂടെ തുടങ്ങിയ പ്രചാരണം ആദ്യഘട്ടം പൂർത്തീകരിക്കുമ്പോൾ മണ്ഡലത്തിന്റെ മനസ് വ്യക്തമാണ്. ചെന്നെത്തുന്ന ഇടങ്ങളിലെല്ലാം നാടിന്റെ പ്രിയ "വാസവൻ ചേട്ട'ന് സ്‌നേഹോഷ്‌മളമായ സ്വീകരണം. ജനങ്ങളുടെ ചിരകാല ആവശ്യങ്ങളായിരുന്ന കാരിത്താസ് മേൽപ്പാലം, കമ്പനിക്കടവ് പാലം, കോണത്താറ്റ് പാലം തുടങ്ങിയ പദ്ധതികൾ വലിയ ആശ്വാസമാണ് ജനങ്ങൾക്ക് നൽകിയത്. മെഡിക്കൽ കോളേജിന് മാത്രമായി 1,200 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കി. സർജിക്കൽ ബ്ലോക്ക്, കാർഡിയോളജി സെക്കൻഡ് ഫേസ്, അടിപ്പാത, പുതിയ ഒപി ബ്ലോക്ക് – അങ്ങനെ പലതും യാഥാർഥ്യമാക്കി. കിഫ്‌ബിയിലൂടെ നടപ്പാക്കിയ എണ്ണമറ്റ പദ്ധതികളിലൂടെ എൽഡിഎഫ് സർക്കാരിന്റെ കരുതൽ മണ്ഡലം അറിഞ്ഞു. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷാണ് യുഡിഎഫ് സ്ഥാനാർഥി. റീൽസ് താരം ആതിര ഡി നായർ എൻഡിഎ സ്ഥാനാർഥിയായും മത്സരിക്കുന്നു. തെരഞ്ഞെടുപ്പിന് ഏറെ മുമ്പേതന്നെ ഏറ്റുമാനൂരിന്റെ പേരിൽ യുഡിഎഫിൽ അടിപിടി തുടങ്ങിയിരുന്നു. മണ്ഡലം കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽനിന്ന് കോൺഗ്രസ് ബലമായി പിടിച്ചെടുത്തു. ഇതിന്റെ ദേഷ്യം കേരള കോൺഗ്രസിന് മാറിയിട്ടില്ല. പ്രചാരണത്തിന്റെ ആദ്യദിനങ്ങളിൽ എതിർസ്ഥാനാർഥികളുടെ ചിത്രങ്ങൾ തെളിഞ്ഞിരുന്നില്ല. മണ്ഡലത്തിൽ മത്സരിപ്പിക്കാമെന്ന് കോൺഗ്രസ് നേതൃത്വം വാക്കുകൊടുത്ത ജോസഫ് വാഴയ്‌ക്കൻ ഒന്നരലക്ഷം പോസ്‌റ്റർവരെ അടിച്ചു. പല ചരടുവലികൾക്കുംശേഷം അവസാനനിമിഷം നാട്ടകം സുരേഷ് സ്ഥാനാർഥിയായി. തർക്കങ്ങൾ പ്രചാരണത്തെയും ബാധിച്ചു. വാഴയ്‌ക്കനെ ഒഴിവാക്കിയതിൽ പ്രവർത്തകർ മുദ്രാവാക്യങ്ങളുമായി രംഗത്തെത്തിയത് യുഡിഎഫിനെ പ്രതിസന്ധിയിലാക്കി. എൻഡിഎ സ്ഥാനാർഥിയായി ട്വന്റി ട്വന്റി നിശ്‌ചയിച്ചത് ചലചിത്രതാരം വീണാ നായരെ ആയിരുന്നു. വീണയ്‌ക്ക് വോട്ടർപട്ടികയിൽ പേരില്ലെന്നറിഞ്ഞപ്പോൾ അവസാനനിമിഷം റീൽസ്‌താരം സ്ഥാനാർഥിയായി.










0 comments