അനധികൃത മണ്ണെടുപ്പ്
ഓപറേഷൻ എർത്ത് ഗാർഡ് തുടരും

കോട്ടയം
ബിൽഡിങ് പെർമിറ്റിന്റെ മറവിൽ നടക്കുന്ന അനധികൃത മണ്ണെടുപ്പിനെതിരെ ജില്ലയിൽ വിജിലൻസ് പരിശോധന തുടരും. വിവിധ തദ്ദേശ ഓഫീസുകളിലും ജില്ലാ മൈനിങ് ആൻഡ് ജിയോളജി ഓഫീസിലും കഴിഞ്ഞ ദിവസം വിജിലൻസ് മിന്നൽ പരിശോധന (ഓപറേഷൻ എർത്ത് ഗാർഡ്) നടത്തിയിരുന്നു. സംസ്ഥാനത്തെ ജിയോളജി ഓഫീസുകളിലെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥർ യുപിഐ അക്കൗണ്ട് വഴി കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയിരുന്നു. മണ്ണെടുക്കാൻ വേണ്ടി മാത്രം വീട് നിർമാണം ചിലർ മറയാക്കുകയാണെന്നും പരിശോധനയിൽ കണ്ടെത്തി. 3000 സ്‌ക്വയർ ഫീറ്റിന് മുകളിൽ മണ്ണെടുക്കാൻ അനുമതി നൽകുന്നത് ജില്ലാ ജിയോളജി ഓഫീസിൽനിന്നാണ്. അതിനാലാണ് ജിയോളജി ഓഫീസിലും വിശദ പരിശോധന നടത്തിയത്. സ്ഥല പരിശോധന നടത്തിയ ഒട്ടു മിക്ക സ്ഥലങ്ങളിലും അനുവദിച്ചതിലും കൂടുതൽ അളവിലും വിസ്തൃതിയിലും മണ്ണ് നീക്കം ചെയ്തതായി കണ്ടെത്തി. വീട് നിർമാണത്തിന് പെർമിറ്റ് വാങ്ങിയശേഷം വസ്തുവിൽനിന്നും വൻ തോതിൽ മണ്ണ് നീക്കി വസ്തു രൂപാന്തരപ്പെടുത്തി പ്ലോട്ടുകളാക്കി വിൽപന നടത്തുന്നതായും കണ്ടെത്തി. ചട്ടലംഘനം കണ്ടെത്തിയ സ്ഥലങ്ങളിലും ഖനനാനുമതി വാങ്ങി കെട്ടിട നിർമാണം നടത്താതെ അനധികൃത ഖനനം നടത്തിയതായി കണ്ടെത്തിയ സ്ഥലങ്ങളിലും അനുമതിയില്ലാതെ മണ്ണ് ഖനനം നടത്തിയ സ്ഥലങ്ങളിലും വസ്തു ഉടമയിൽനിന്നും പിഴ ഈടാക്കാനുള്ള നോട്ടീസ് നൽകും. അനധികൃതമായി നീക്കിയ മണ്ണിന്റെ അളവിനനുസരിച്ച്, നിയമാനുസൃതമായി നൽകേണ്ട റോയൽറ്റിയുടെ അഞ്ചിരട്ടി തുകയാണ് പിഴയായി അടയ്ക്കേണ്ടി വരിക. തുടർ നിയമ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് വിജിലൻസ് നിർദേശം നൽകിയിട്ടുണ്ട്. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ, 8592900900 എന്ന നമ്പറിലോ, വാട്‌സാപ് നമ്പറായ 9447789100 എന്ന നമ്പറിലോ അറിയിക്കാം.










0 comments