നിത്യഹരിതം കുരുമുളകുതോട്ടം

കുരുമുളക് തോട്ടത്തിൽ ജോൺസൺ കൊട്ടുകാപിള്ളി
കടുത്തുരുത്തി മാനത്ത് കാർമേഘമില്ലെങ്കിലും കാപ്പുംതലയിലെ ഈ കൃഷിയിടത്തിൽ മഴ പെയ്യും. കാലാവസ്ഥാ വ്യതിയാനവും അനിശ്ചിതത്വങ്ങളും കർഷക പ്രതീക്ഷകളെ തല്ലിക്കെടുത്തുമ്പോൾ കടുത്തുരുത്തി കാപ്പുംതല സ്വദേശി ജോൺസൺ കൊട്ടുകാപിള്ളിയുടെ കുരുമുളകുതോട്ടം എന്നും പച്ചപ്പാണ്. ശാസ്ത്രീയതയും വിട്ടുവീഴ്ചയില്ലാത്ത പരിചരണവുമാണ് പച്ചപ്പിന് പിന്നിലുള്ളത്. ജോൺസന്റെ നാല് ഏക്കറോളം വരുന്ന പുരയിടത്തിൽ ഒരേക്കറിലാണ് കുരുമുളക് കൃഷി. 25 സെന്റിൽ അഞ്ഞൂറോളം പിവിസി പൈപ്പുകൾ കുത്തിനിർത്തി അതിലാണ് ഒരു പരീക്ഷണം. ബാക്കി 75 സെന്റിലെ പ്ലാവിന്റെ തലപ്പ് മുറിച്ച് അതിന്റെ ചുവട്ടിൽ കൊടി നട്ടു. പറമ്പിലെ തെങ്ങ്, കവുങ്ങ്, മറ്റ് മരങ്ങൾ, കയ്യാലകൾ എന്നിവയിലെല്ലാം കൃഷി. കരിമുണ്ട, പന്നിയൂർ -1, കൂമ്പുങ്കൽ തുടങ്ങിയ ഇനങ്ങളാണ് ഇവിടെയുള്ളത്. മഴ കുറഞ്ഞാൽ തോട്ടം വാടാൻ ജോൺസൺ അനുവദിക്കില്ല. തുള്ളിനന വഴി ചുവട്ടിൽ വെള്ളമെത്തിക്കും. ഇനി പരാഗണ സമയത്താണ് മഴ മാറിനിൽക്കുന്നതെങ്കിൽ കൊടികൾക്ക് മുകളിലേക്ക് കൃത്രിമമായി വെള്ളം നനയ്‌ക്കും. രണ്ടടി ആഴത്തിൽ കുഴിയെടുത്ത് ഉണക്കച്ചാണകപ്പൊടി, കോഴിക്കാഷ്ടം, വേപ്പിൻപിണ്ണാക്ക്, എല്ലുപൊടി എന്നിവ നിറച്ച് കുനകൂട്ടിയാണ് തൈകൾ നടുന്നത്. രാസവളങ്ങൾ പൂർണമായും ഒഴിവാക്കി ചാണകപ്പൊടിയാണ് പ്രധാന വളം. ചെടി വളരുന്നതിനനുസരിച്ച് ചുവട്ടിൽ തുരിശുലായനി ഒഴിച്ചു കൊടുക്കുകയും ചെയ്യുന്നു.










0 comments