print edition ഡൽഹി നോട്ടുവെട്ടലിൽ സുപ്രീംകോടതി; നോട്ടീസുകൾ യാന്ത്രികം

ന്യൂഡൽഹി: ഡൽഹിയിലെ വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധനയുടെ ഭാഗമായി 33 ലക്ഷം വോട്ടർമാർക്ക് നോട്ടീസയച്ച തെരഞ്ഞെടുപ്പ് കമീഷനെ വിമർശിച്ച് സുപ്രീംകോടതി. കംപ്യൂട്ടർവഴി യാന്ത്രികമായി നോട്ടീസയക്കുകയാണ്.
‘യുക്തിസഹമായ പൊരുത്തക്കേട്’ എന്ന പേരിൽ ഒഴിവാക്കുന്നവയിൽ വിശദീകരണം വേണമെന്നും ചീഫ് ജസ്‌റ്റിസ് സൂര്യകാന്തിന്റെ ബെഞ്ച് ആവശ്യപ്പെട്ടു. നിസ്സാരകാരണം പറഞ്ഞ് കമീഷൻ ലക്ഷക്കണക്കിന് നോട്ടീസ് അയച്ചെന്ന് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടിയതിനോട് യോജിച്ചാണ് ബെഞ്ചിന്റെ നിരീക്ഷണം. ഡൽഹി എസ്‌ഐആറുമായി ബന്ധപ്പെട്ട തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ഉത്തരവിട്ടു.
‘യുക്തിസഹമായ പൊരുത്ത’ക്കേട് ഒഴിവാക്കാൻ എന്ത് രേഖ സമർപ്പിക്കണമെന്ന് വോട്ടർമാർക്ക് അറിയിയില്ലെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ചൂണ്ടിക്കാട്ടി. വോട്ടർമാരെ ബിഎൽഒമാർ സഹായിക്കണമെന്ന് ചീഫ് ജസ്‌റ്റിസ് പറഞ്ഞു. വോട്ടർമാർക്ക് ബോധവൽക്കരണ ക്ലാസ്സ് നടത്തുന്നുണ്ടെന്നും വാട്‌സാപ് ഗ്രൂപ്പ് രുപീകരിച്ച് സഹായം എത്തിക്കുന്നുണ്ടെന്നും കമീഷന് വേണ്ടി ഹാജരായ ദാമ ശേഷാദ്രി നായിഡു അറിയിച്ചു.
ഒഡിഷയിൽ 20.56 ലക്ഷം വോട്ടർമാർ പുറത്ത്
ഭുവനേശ്വർ: ഒഡിഷയിൽ വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന(എസ്ഐആർ)പൂർത്തിയായി. അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചപ്പോൾ 20.56 ലക്ഷംപേർ പട്ടികയിൽനിന്ന് പുറത്തായി. മെയ് 30-നാണ് എസ്‌ഐആർ ആരംഭിച്ചത്. സ്ഥിരമായി താമസംമാറിയെന്നും തിരിച്ചറിയാനായില്ലെന്നും ആരോപിച്ച് ഇത്രയുംപേരെ ഒഴിവാക്കുകയായിരുന്നു. കരട് പട്ടിക പ്രസിദ്ധീകരിച്ചശേഷം 58.36 ലക്ഷംപേർക്ക് നോട്ടീസ് നൽകി. പുതിയ അപേക്ഷകരിലൂടെ 2.90 ലക്ഷം വോട്ടർമാരെ ഉൾപ്പെടുത്തി. നിലവിൽ 3.1 കോടി വോട്ടർമാരാണ് പട്ടികയിലുള്ളത്.










0 comments